ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സഊദി കിരീടാവകാശിക്ക് പങ്കില്ലെന്ന് ട്രംപ്

Wait 5 sec.

ന്യൂയോർക്ക് സിറ്റി|ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2018-ൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി കൊല്ലപ്പെട്ട സംഭവത്തിൽ രാജകുമാരന് ഒന്നും അറിയില്ലായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.വാഷിങ്ടൺ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു ഖഷോഗ്ഗി. കൊലപാതകത്തിന് ശേഷം ആദ്യമായി യു എസ് സന്ദർശിക്കാനെത്തിയ സഊദി കിരീടാവകാശിയോട്, ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഖഷോഗ്ഗി വിവാദപുരുഷനായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.“നിങ്ങൾ ഈ പറയുന്ന വ്യക്തിയെ പലർക്കും ഇഷ്ടമല്ലായിരുന്നു. നിങ്ങൾക്കയാളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ചില സംഭവങ്ങൾ ഉണ്ടായി. പക്ഷേ, അതിനെക്കുറിച്ച് കിരീടാവകാശിക്ക് ഒന്നും അറിയില്ലായിരുന്നു. നമുക്കത് അവിടെ വിടാം. ഇങ്ങനെയൊരു ചോദ്യം ചോദിച്ച് നമ്മുടെ അതിഥിയെ നാണംകെടുത്തേണ്ട കാര്യമില്ല” – ട്രംപ് പറഞ്ഞു.കൊലപാതകം ‘വേദനാജനക’വും ‘വലിയ തെറ്റു’മായിരുന്നു എന്ന് കിരീടാവകാശി പ്രതികരിച്ചു. ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിൻ സൽമാനാണെന്ന് 2021-ലെ യു എസ് ഇന്റലിജൻസ് വിലയിരുത്തൽ കണ്ടെത്തിയിരുന്നു.