രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ കാറപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം. എട്ട് മാസം ഗർഭിണിയായിരുന്ന സമൻവിത ധരേശ്വറും (33) അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.നടപ്പാതയിൽ വെച്ച് യുവതിക്ക് നേരെ രണ്ട് കാറുകൾ ഇടിക്കുകയായിരുന്നു. ആദ്യം അതുവഴി വന്ന ഒരു കിയ കാർ വേഗത കുറച്ച് നിർത്തിയെങ്കിലും, പിന്നാലെ അമിതവേഗത്തിൽ വന്ന ഒരു ബിഎംഡബ്ല്യു കാർ ഈ കിയ കാറിനെ ഇടിച്ചുതെറിപ്പിക്കുകയും, തുടർന്ന് ഈ രണ്ട് കാറുകളും ചേർന്നാണ് സമൻവിതയെ ഇടിച്ചുവീഴ്ത്തിയത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, സമൻവിതയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.അൽസ്‌കോ യൂണിഫോംസിന്റെ ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സമൻവിതയും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്.രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നിലകളുള്ള വീടിനായി വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. തങ്ങളുടെ സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് സമൻവിതയും കുഞ്ഞും അകാലത്തിൽ വിടവാങ്ങിയത്.ബിഎംഡബ്ല്യു കാർ ഓടിച്ച ആരോൺ പാപ്പസോഗ്ലുവിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.അൽസ്‌കോ യൂണിഫോംസിന്റെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമൻവിത ധരേശ്വർ എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.The post നടക്കാനിറങ്ങിയ 8 മാസം ഗർഭിണിയായ യുവതിയെ കാറിടിച്ചു; ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം appeared first on Arabian Malayali.