യു എസ് നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാ തലവൻ അൻമോൽ ബിഷ്ണോയി ഡൽഹിയിൽ; അറസ്റ്റ് ചെയ്ത് എൻ ഐ എ

Wait 5 sec.

ന്യൂഡൽഹി | യുഎസ് നാടുകടത്തിയ 200 ഇന്ത്യക്കാരിൽ ഉൾപ്പെട്ട അധോലോക സംഘത്തലവൻ അൻമോൽ ബിഷ്ണോയിയെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അൻമോലെ എൻ ഐ എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പഞ്ചാബിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ള രണ്ട് പിടികിട്ടാപ്പുള്ളിളടക്കം 200 ഇന്ത്യക്കാരെയാണ്  യുഎസ് കഴിഞ്ഞ ദിവസം നാടുകടത്തിയത്.ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്ണോയി. മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെപ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.2022 ഏപ്രിലിൽ, ഗായകൻ സിദ്ദു മൂസേവാല വെടിയേറ്റ് മരിക്കുന്നതിന് (മേയ് 29, 2022) ഏതാനും ആഴ്ചകൾക്ക് മുൻപ്, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് അൻമോൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. വ്യാജ റഷ്യൻ രേഖകൾ ഉപയോഗിച്ച് യുഎസിനും കാനഡക്കും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. ഒടുവിൽ ഇയാളെ കണ്ടെത്തുകയും തടവിലാക്കുകയും ചെയ്തു. എൻക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്ഫോമുകൾ വഴി ഇയാൾ വിദേശത്ത് നിന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾ തുടർന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.കാലിഫോർണിയയിൽ ജയിലിൽ കഴിയവെ, പ്രതികളെയും ജാമ്യത്തിലുള്ളവരെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ജി പി എസ് സംവിധാനമുള്ള ഇലക്ട്രോണിക് ഉപകരണമായ ആങ്കിൾ മോണിറ്ററിങ് വഴിയുള്ള നിരീക്ഷണത്തിലായിരുന്നു അൻമോൽ. ജാമ്യത്തിൽ വിട്ടവർ, വീട്ടുതടങ്കലിലുള്ളവർ, പ്രൊബേഷൻ അല്ലെങ്കിൽ പരോളിൽ മോചിതരായവർ, അല്ലെങ്കിൽ കോടതി ഉത്തരവുള്ള നിരീക്ഷണത്തിലുള്ളവർ എന്നിവർക്കാണ് സാധാരണയായി ഈ മോണിറ്ററുകൾ ഉപയോഗിക്കാറ്. ഒരു ചെറിയ, പൂട്ടിയ ട്രാക്കിങ് ബോക്സുള്ള കറുത്ത സ്ട്രാപ്പാണ് ഈ ഉപകരണം. ഇത് എളുപ്പത്തിൽ നീക്കം ചെയ്യാനാവില്ല. 2024 ഒക്ടോബർ 12-ന് മകന്റെ ബാന്ദ്ര ഓഫീസിന് പുറത്തുവെച്ചാണ് മുൻ മന്ത്രിയായ ബാബ സിദ്ദിഖി (66) വെടിയേറ്റ് മരിച്ചത്. ഈ കേസിൽ ബിഷ്ണോയി സംഘവുമായി ബന്ധമുള്ള നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് സുരക്ഷിത മാർഗങ്ങളിലൂടെ ആക്രമികൾക്ക് നിർദ്ദേശം നൽകിയ പ്രധാന സൂത്രധാരൻ അൻമോൽ ആയിരുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.2024 ഏപ്രിലിൽ ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റ്‌സിന് പുറത്ത് രണ്ട് തോക്കുധാരികൾ വെടിയുതിർത്ത ശേഷം മോട്ടോർബൈക്കിൽ രക്ഷപ്പെട്ട കേസിലും അൻമോൽ പ്രതിയാണ്. ഇയാൾ വിദൂരമായി ഓപ്പറേഷൻ ഏകോപിപ്പിച്ചതായി സംശയിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ഓഡിയോ നിർദ്ദേശങ്ങളും ചാറ്റ് ലോഗുകളും കണ്ടെത്തിയിട്ടുണ്ട്.