മോദിയുടെ പ്രസംഗം ‘നിസ്സാരം’; തരൂരിന്റെ പ്രശംസയിൽ അത്ഭുതം പ്രകടിപ്പിച്ച് കോൺഗ്രസ്

Wait 5 sec.

ന്യൂഡൽഹി | രാംനാഥ് ഗോയങ്കാ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ‘നിസ്സാരം’ മാത്രമായിരുന്നുവെന്ന് കോൺഗ്രസ്. എന്നാൽ മുതിർന്ന പാർട്ടി നേതാവ് ശശി തരൂർ ഈ പ്രസംഗത്തെ പുകഴ്ത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ താൻ അഭിനന്ദിക്കാൻ മാത്രം മൂല്യമുള്ളതൊന്നും കണ്ടില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി രാംനാഥ് ഗോയങ്കാ പ്രഭാഷണത്തിൽ കോൺഗ്രസിനെ വിമർശിച്ചതിനെ സുപ്രിയ ശ്രീനേറ്റ് ശക്തമായി എതിർത്തു. “പ്രധാനമന്ത്രി രാവും പകലും കോൺഗ്രസിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇത് അത്ഭുതകരമാണ്. ഞാൻ ഈ പ്രസംഗത്തിൽ അഭിനന്ദിക്കാൻ മാത്രം ഒരു കാരണവും കണ്ടില്ല. പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് നീതിയുക്തമായ മാധ്യമ പ്രവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ പ്രശ്നത്തെക്കുറിച്ചാണ്. എന്തുകൊണ്ടാണ് സത്യം പറയുന്നവരിലും കാണിക്കുന്നവരിലും അദ്ദേഹം സന്തുഷ്ടനല്ലാത്തതെന്നും പറയേണ്ടതായിരുന്നു” – സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേർത്തു.ശശി തരൂരിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വിമർശനവുമായി രംഗത്തെത്തിയത്. എങ്ങനെയാണ് അദ്ദേഹത്തിന് (തരൂരിന്) പ്രശംസിക്കാൻ ഒരു കാരണം കിട്ടിയതെന്ന് തനിക്കറിയില്ലെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ വികസനത്തിനായുള്ള ‘സൃഷ്ടിപരമായ അക്ഷമ’യെക്കുറിച്ചും കോളനിവൽക്കരണാനന്തര മാനസികാവസ്ഥയെക്കുറിച്ചുള്ള സാംസ്കാരിക ആഹ്വാനമാണ് എന്നായിരുന്നു തരൂരിന്റെ പുകഴ്ത്തൽ. കടുത്ത ജലദോഷവും ചുമയും ഉണ്ടായിട്ടും സദസ്സിൽ ഇരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ക്ഷണപ്രകാരമാണ് താൻ മോദിയുടെ പ്രഭാഷണത്തിൽ പങ്കെടുത്തതെന്ന് തരൂർ വ്യക്തമാക്കിയിരുന്നു.നേരത്തെയും മോദി സ്തുതിയുടെ പേരിൽ തരൂർ വിമർശിക്കപ്പെട്ടിട്ടുണ്ട്.