കോഴിക്കോട് | തിരഞ്ഞെടുപ്പ് ഏതായാലും ചുമരെഴുത്ത് വഴിമാറിയ കാലം ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സമ്മതിദായകന്റെ മനസ്സില്‍ ഉറപ്പിക്കാന്‍ ചുവരഴെത്ത് തന്നെ വേണമെന്നാണ് പാര്‍ട്ടി, മുന്നണി ഭേദമെന്യേ എല്ലാവരും കരുതുന്നത്. പൊതുചുമരുകളില്‍ പ്രചാരണ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സൗകര്യപ്രദമായ സ്വകാര്യ ചുമരുകള്‍ കണ്ടെത്തി ബുക്ക് ചെയ്യുകയാണ് ആദ്യത്തെ കടമ്പ. നേരത്തേയുള്ള പരസ്യങ്ങളുടെ അടയാളങ്ങള്‍ വഹിച്ച് വൃത്തികേടായിക്കിടക്കുന്ന മതിലുകളും ചുമരുകളും വൈറ്റ് സിമന്റ് അടിച്ച് വൃത്തിയാക്കണം. അതിന്മേലാണ് ബുക്ക്ഡ് എന്ന് രേഖപ്പെടുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ സമയം നീട്ടി ബുക്ക് ചെയ്യുന്ന ഏര്‍പ്പാടും ഉണ്ട്.ബുക്ക് ചെയ്ത സ്ഥലത്ത് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മനോഹരമായി രേഖപ്പെടുത്തണം. പാര്‍ട്ടിക്കാരിലെ കലാകാരന്മാരെയാണ് ഇതിനായി മുന്‍കാലങ്ങളില്‍ നിയോഗിച്ചിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറി. പ്രൊഫഷനല്‍ കലാകാരന്മാരെ പണം കൊടുത്ത് ഏര്‍പ്പാടാക്കിയില്ലെങ്കില്‍ പണി പാളും. അതുകൊണ്ടുതന്നെ പ്രൊഫഷനല്‍ ചുമരെഴുത്തുകാരെ തേടി നടക്കുകയാണ് രാഷ്്ട്രീയകക്ഷികള്‍.ബുക്ക് ചെയ്ത ചുമരുകള്‍ മുഴുവന്‍ എഴുതിത്തീര്‍ക്കുകയെന്നത് വെല്ലുവിളിയാണ്. പ്രചാരണത്തിന് അധികം സമയമില്ലാത്തതും പ്രശ്നമാണ്. നഗരങ്ങളില്‍ നിന്ന് വ്യത്യസ്്്തമായി ഗ്രാമതലങ്ങളില്‍ ഓരോ മുന്നണിക്കും എല്ലാ വാര്‍ഡുകളിലും മൂന്ന് സ്ഥാനാര്‍ഥികളെ വീതം പരിചയപ്പെടുത്തേണ്ടതുണ്ട്. ഇതുമൂലം ചുമരെഴുത്തിന് ആവശ്യമായ സ്ഥലം കിട്ടാന്‍ പ്രയാസപ്പെടുന്നവരുമുണ്ട്.ചുമരുകളില്‍ എഴുതിയാല്‍ കിട്ടുന്ന ശ്രദ്ധ പോസ്റ്ററുകളില്‍ കിട്ടില്ലെന്ന് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ചുമരെഴുത്ത് നടത്തുന്ന സിവില്‍ സ്റ്റേഷന്‍ സ്വദേശിയായ ചന്ദ്ര ബാബു പറയുന്നു. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ചുവരെഴുത്തുകളെക്കാള്‍ നല്ല മാധ്യമമില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചുവര്‍ ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ചുവരെഴുതാന്‍ ചുണ്ണാമ്പ് കലക്കിയതും കാവിപ്പൊടിയും നീലവുമാണ് ഉപയോഗിച്ചിരുന്നത്. ശക്തമായ ഒരു മഴ വന്നാല്‍ ഇത് ഒലിച്ചു പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. രാത്രി കാലങ്ങളില്‍ വരെ തിളങ്ങി നില്‍ക്കുന്ന ഫ്ലൂറസെന്റ് പെയിന്റുകള്‍ ചുവരുകളില്‍ സ്ഥാനംപിടിച്ചു തുടങ്ങി.സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും പേരും മറ്റും അടങ്ങിയ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും പ്രാദേശികതലത്തില്‍ ചുവരെഴുത്തുകള്‍ പോലെ ഏശുന്ന പ്രചാരണം വേറെയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.