20 ലക്ഷം സ്‌ത്രീകള്‍ക്ക്‌ തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ ദേശീയ പെര്‍ഫോമന്‍സ്‌ ഗ്രേഡിംഗ്‌ ഇന്‍ഡക്‌സിലും കേരളത്തെ ഒന്നാമത് എത്തിക്കും; എൽഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പുകൾ ഇങ്ങനെ

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തിരിക്കുകയാണ്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തിൽ കൂടുതൽ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കർമ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു.സാര്‍വ്വത്രിക സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തിലെ സാമൂഹ്യ നേട്ടങ്ങളുടെ പ്രധാന ചാലകശക്തികളിലൊന്നാണ്‌. 2016-17 മുതല്‍ 2024-25 വരെയുള്ള കാലത്ത്‌ കിഫ്‌ബിയും സര്‍വശിക്ഷാ അഭിയാനും സംസ്ഥാന പ്ലാനില്‍ നിന്നുമായി 9,225 കോടി രൂപയാണ്‌ സ്‌കൂളുകളില്‍ പശ്ചാത്തലസൗകര്യ നിക്ഷേപമായി നടത്തിയത്‌. 17,350 പുതിയ അധ്യാപക തസ്‌തികകള്‍ സൃഷ്ടിച്ചു. ഇവയെല്ലാം പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായിരിക്കും ഇനി ഊന്നല്‍ നല്‍കുക എന്ന് പ്രകടനപത്രികയിൽ പറയുന്നു.ALSO READ: എല്ലാവർക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തും ; എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തുസ്‌കൂള്‍ പരീക്ഷകളില്‍ മിനിമം മാര്‍ക്ക്‌ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌ ആരെയും തോല്‍പ്പിക്കാനല്ലായെന്ന്‌ തെളിഞ്ഞു കഴിഞ്ഞു. ഓരോ ക്ലാസിലും ആര്‍ജ്ജിക്കേണ്ട മിനിമംശേഷി വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുമെന്ന്‌ ഉറപ്പുവരുത്താനാണിത്‌. ഇതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിടിഎകളുടെയും പിന്തുണയോടെ വിപുലമായ പഠന പിന്തുണാ പ്രസ്ഥാനം സൃഷ്ടിക്കും. നീതി ആയോഗിന്റെ വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്‌. ഇനി ദേശീയ പെര്‍ഫോമന്‍സ്‌ ഗ്രേഡിംഗ്‌ ഇന്‍ഡക്‌സിലും അടുത്ത അഞ്ചുവര്‍ഷംകൊണ്ട്‌ കേരളത്തെ ഒന്നാംസ്ഥാനത്തേക്ക്‌ ഉയര്‍ത്തും.25 വയസു കഴിഞ്ഞ പുരുഷന്മാരില്‍ 95 ശതമാനം പേരും വീടിനു പുറത്ത്‌ ജോലിക്ക്‌ പോകുന്നവരാണ്‌. എന്നാല്‍ സ്‌ത്രീകളില്‍ ഇവരുടെ ശതമാനം 30 ശതമാനത്തില്‍ താഴെയാണ്‌. സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായെങ്കിലും ഉയര്‍ത്തുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്‌ ആദ്യപടിയായി 20 ലക്ഷം സ്‌ത്രീകള്‍ക്ക്‌ അടുത്ത അഞ്ച്‌ വര്‍ഷംകൊണ്ട്‌ തൊഴില്‍ നല്‍കും.കുടുംബശ്രീയും വിജ്ഞാനകേരളവുമായി ചേര്‍ന്ന്‌ 2025 ജൂലൈ മാസത്തില്‍ ആരംഭിച്ച തൊഴില്‍ ക്യാമ്പയിന്‍ വഴി ഇതിനകം രണ്ട്‌ ലക്ഷത്തോളം പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇവയിലേക്ക്‌ 80,000 പേര്‍ക്ക്‌ നിയമനവും നല്‍കി. ഇതോടൊപ്പം വിപുലമായ നാല്‌ പ്രാദേശിക സേവന സംരംഭ ശൃംഖലയ്‌ക്ക്‌ കുടുംബശ്രീ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. കിടപ്പുരോഗികള്‍ക്ക്‌ പരിചരണം നല്‍കുന്നതിനുള്ള സാന്ത്വനമിത്രയാണ്‌ ഇതില്‍ ഏറ്റവും പ്രധാനം. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള റിപ്പയര്‍, മെയിന്റനന്‍സ്‌, പ്ലംബ്ബിംഗ്‌, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സ്‌കില്‍@കോള്‍ സംരംഭങ്ങളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആരംഭിക്കും. കുടുംബശ്രീ ഉല്‌പന്നങ്ങളോടൊപ്പം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‌പന്നങ്ങള്‍ വീടുകളിലേക്ക്‌ ആവശ്യാനുസരണം വാങ്ങി എത്തിക്കുന്നതിനുള്ള ഷോപ്പ്‌@ഡോര്‍ പദ്ധതിയാണ്‌ മറ്റൊന്ന്‌. അതുപോലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിദഗ്‌ധ തൊഴിലാളി സംഘങ്ങള്‍, ഇവന്റ്‌ മാനേജ്‌മെന്റ്‌ ടീമുകള്‍ തുടങ്ങിയവയിലൂടെ ഒരു ലക്ഷം സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. ഈ ധനകാര്യ വര്‍ഷം അവസാനിക്കുംമുമ്പ്‌ മൂന്ന്‌ ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കാനാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അടുത്ത അഞ്ച്‌ വര്‍ഷംകൊണ്ട്‌ 20 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌. ഒരു സ്‌ത്രീക്ക്‌ ശരാശരി 10,000 രൂപ പ്രതിമാസ വരുമാനം കണക്ക്‌ കൂട്ടിയാല്‍പ്പോലും 24,000 കോടി രൂപ ഇതുവഴി സാധാരണക്കാരുടെ വീടുകളില്‍ അധികവരുമാനമായി എത്തിക്കാനാകും.ഇതോടൊപ്പം അഭ്യസ്‌തവിദ്യരായ യുവതി യുവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിന്‌ ബൃഹത്തായ പരിപാടി വിജ്ഞാന കേരളം വഴി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതാണ്‌. കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക്‌ ദേശീയ ശരാശരിയുടെ പകുതിയായി താഴ്‌ത്തുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷേമ പരിപാടികളിലെ യുവജനങ്ങള്‍ക്ക്‌ നൈപുണി പരിശീലന കാലത്ത്‌ 1,000 രൂപ സ്‌കോളര്‍ഷിപ്പ്‌ ഈ കര്‍മ്മപരിപാടി നടപ്പാക്കുന്നതിനു വലിയ പിന്തുണയാകും. തൊഴില്‍ ഡയറക്ടറേറ്റ്‌, അസാപ്പ്‌, കെയ്‌സ്‌ തുടങ്ങിയ എല്ലാ നൈപുണി വികസന ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇതിനായി ഏകോപിപ്പിക്കും.ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ നിരുത്സാഹപ്പെടുത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിബന്ധനകള്‍ നടത്തിപ്പില്‍ ജിയോ ടാഗിംങിന്റെ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ലഘൂകരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട്‌ പ്രായോഗികമായ സമീപനം സ്വീകരിക്കും. നഗരങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കും.The post 20 ലക്ഷം സ്‌ത്രീകള്‍ക്ക്‌ തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ ദേശീയ പെര്‍ഫോമന്‍സ്‌ ഗ്രേഡിംഗ്‌ ഇന്‍ഡക്‌സിലും കേരളത്തെ ഒന്നാമത് എത്തിക്കും; എൽഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പുകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.