നിലന്പൂർ നഗരസഭ; സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്സിന് അതൃപ്തി

Wait 5 sec.

നിലമ്പൂർ | നഗരസഭാ സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്സിന് അതൃപ്തി. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിക്കാത്തതാണ് യൂത്ത് കോൺഗ്രസ്സിന്റെ വിയോജിപ്പിനിടയാക്കുന്നത്.യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ കഴിഞ്ഞദിവസം കോൺഗസ്സ് നേതാക്കളുമായി അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുകയും ചെയ്തതായാണ് വിവരം. ഊർജസ്വലരായ യൂത്ത് കോൺഗ്രസ്സ് അംഗങ്ങളെ തഴഞ്ഞ് പഴയ ആളുകളെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ കുറ്റപ്പെടുത്തി.പ്രായം കുറഞ്ഞ ആളുകളെ സ്ഥാനാർഥിയാക്കിയത് കൊണ്ട് മാത്രം യൂത്ത് കോൺഗ്രസ്സിന് പ്രാതിനിധ്യമാകില്ലെന്നും പ്രവർത്തനപരിചയമുള്ളവരെ സ്ഥാനാർഥിയാക്കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.സ്ഥാനാർഥികളെ തീരുമാനിക്കുന്ന കോർകമ്മിറ്റിയിലും യൂത്ത് കോൺഗ്രസ്സിന് പ്രാതിനിധ്യമില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥാനാർഥി ചർച്ചകളിൽ യൂത്ത് കോൺഗ്രസ്സിന് പ്രാതിനിധ്യമുണ്ടാകണമെന്ന് പാർട്ടി സർക്കുലർ ഉണ്ടെന്നും യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ പറഞ്ഞു.സംസ്ഥാന യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സംഘടനാ ചുമതലയുള്ള യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെകട്ടറി ടി എം എസ് ആസിഫിനും തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിട്ടില്ല. നഗരസഭയിലെ ചില ഡിവിഷനുകളിൽ കോൺഗ്രസ്സിന് അഞ്ച് പേർ വരെ സ്ഥാനാർഥിപ്പട്ടികയിൽ നിലവിലുണ്ട്. ഇതിൽ നിന്ന് ആരെ തിരഞ്ഞെടുത്താലും എതിർ വിഭാഗം എതിർക്കുമെന്ന് പറയുന്നു.വനിതാ സംവരണമുള്ള ചെയർപേഴ്സൻ സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് കോൺഗ്രസ്സിൽ നിന്ന് ഇതുവരെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം നഗരസഭാ മുൻ അധ്യക്ഷയുടെ പേരും ഉയരുന്നുണ്ട്. അതേസമയം, അധ്യക്ഷസ്ഥാനത്തേക്കും പുതുമുഖം വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെന്നത്.