മദീന ബസ് അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേർ; ഒമ്പത് പേർ കുട്ടികൾ

Wait 5 sec.

ഹൈദരാബാദ് | ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഈ ദാരുണമായ അപകടത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിനാണ്. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 അംഗങ്ങളാണ് അപകടത്തിൽ ഇല്ലാതായത്.ഉംറ തീർത്ഥാടനത്തിനായി പോയ ഈ കുടുംബം ശനിയാഴ്ച ഹൈദരാബാദിൽ മടങ്ങിയെത്തേണ്ടതായിരുന്നു. എട്ട് ദിവസം മുൻപാണ് അവർ യാത്ര പുറപ്പെട്ടത്. തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ 1:30 ഓടെയാണ് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചത്.“എന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരെല്ലാം പോയിരുന്നു. അവർ എട്ട് ദിവസം മുമ്പാണ് പോയത്. ഉംറ കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുകയായിരുന്നു. 1:30 ഓടെ അപകടമുണ്ടായി, ബസ് കത്തി നശിച്ചു. അവർ ശനിയാഴ്ച മടങ്ങിയെത്തേണ്ടവരായിരുന്നു” – കുടുംബാംഗമായ മൊഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.അപകടം നടക്കുന്നതിന് തൊട്ടുമുമ്പു വരെ തങ്ങൾ ബന്ധുക്കളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്നും ആസിഫ് പറഞ്ഞു. “ഒമ്പത് മുതിർന്നവരും ഒമ്പത് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 18 പേരാണ് മരിച്ചത്. ഇത് ഞങ്ങൾക്ക് താങ്ങാനാവാത്ത ദുരന്തമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.മദീനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ വെച്ചാണ് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറങ്ങുകയായിരുന്നു. കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനത്തിന് തീപിടിച്ചതിനാൽ അവർക്ക് സമയത്ത് രക്ഷപ്പെടാനായില്ല. അപകടത്തിൽ മരിച്ച 42 പേരിൽ അധികപേരും ഹൈദരാബാദിൽ നിന്നുള്ളവരാണ്.