ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്‍റെ വളര്‍ച്ചയുടെ ഒരു ഭാഗമാണ് ടെസ്റ്റ്ട്യൂബ് ശിശുവിന്‍റേത്. അന്നു വരെ മനുഷ്യന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം ഏവരെയും ഞെട്ടിച്ചിരുന്നു. കുഞ്ഞുങ്ങളുണ്ടാകുകയെന്നത് ഒരു ഭാഗ്യമായി മാത്രം കണ്ടിരുന്ന സമൂഹത്തിലേയ്ക്കാണ് ശാസ്ത്രം പ്രതീക്ഷകളുമായി അവതരിച്ചത്. നിരവധി മുഖങ്ങളിൽ സന്തോഷത്തെ കൂടിയാണ് ഈ കണ്ടുപിടുത്തം ജനിപ്പിച്ചത്.ശരീരത്തിന് പുറത്ത് വച്ച് കൃത്രിമമായി അണ്ഡകോശത്തെ പുരുഷബീജവുമായി ബീജസങ്കലനം നടത്തുന്ന ചികിത്സാരീതിയായി ‘ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍’ എന്ന സാങ്കേതികത. വന്ധ്യതാ ചികിത്സാരംഗത്തെ പ്രധാന വഴിത്തിരിവായ ഐവിഎഫിന്റെ ചികിത്സാ രീതികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോക്ടർ എം അനിത. ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും എപ്പോൾ ഈ ചികിത്സ തേടണം എന്നതിനെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.ALSO READ: സ്പോർട്സ് പരിക്കുകൾ 70% വരെ പ്രതിരോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങളും റീഹാബിലിറ്റേഷൻ മാർഗ്ഗങ്ങളും ഇതാഅണ്ഡവും ബീജവും പുറത്തെടുത്ത് ലാബിൽ വെച്ച് സങ്കലനം ചെയ്ത് തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഐവിഎഫ്. ഇൻവിട്രോ ഫെർട്ടിലൈസേഷന്റെ (IVF) മറ്റൊരു വകഭേദമാണ് ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ICSI). ഐസിഎസ്ഐയിൽ, അണ്ഡത്തിനകത്തോട്ട് ഒരു ബീജം കുത്തിവെച്ച് അതിനെ ഭ്രൂണമാക്കി മാറ്റുന്നു.ഐവിഎഫ് ചികിത്സ പ്രധാനമായും ആവശ്യമായി വരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്:ട്യൂബൽ ഫാക്ടർ (Tubal Factor): സ്ത്രീയുടെ ഗർഭപാത്രത്തിന്റെ കുഴലുകൾ (ഫലോപ്പിയൻ ട്യൂബ്സ്) ബ്ലോക്ക് ആകുന്ന അവസ്ഥയിൽ സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത തീരെ കുറവാണ്.കുറഞ്ഞ ബീജകൗണ്ട്: ബീജത്തിന്റെ എണ്ണം വളരെ കുറഞ്ഞവർക്ക് (അഞ്ച് മില്യണിൽ താഴെ) ഐവിഎഫ് വേണ്ടിവരും.പ്രായം ചെന്ന സ്ത്രീകൾ: പ്രായം കാരണമായോ അല്ലാതെയോ അണ്ഡങ്ങൾ തീരെ കുറവായ സ്ത്രീകൾക്ക്. 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് പൊതുവെ അണ്ഡങ്ങളുടെ എണ്ണം കുറവായിരിക്കും.എൻഡോമെട്രിയോസിസ്: സിവിയർ എൻഡോമെട്രിയോസിസ് രോഗബാധിതർക്ക്. ഇവർക്ക് മറ്റ് ഗർഭധാരണ രീതികളായ IUI പോലുള്ള പ്രൊസീജറുകൾ വഴി ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്.പരാജയപ്പെട്ട ചികിത്സകൾ: മറ്റ് ചികിത്സാരീതികൾ എല്ലാം ചെയ്തു പരാജയപ്പെട്ടവർക്ക്.ഇവ കൂടാതെ, ചില സാമൂഹിക കാരണങ്ങളാലും (ഉദാഹരണത്തിന്, ജോലിത്തിരക്കുകൾ കാരണം ഉടൻ കുട്ടികൾ വേണ്ടവർ) ഐവിഎഫ് ചെയ്ത് ഭ്രൂണം മാറ്റി വെക്കാവുന്നതാണ്. വിവാഹശേഷം ക്യാൻസർ ബാധിക്കുന്നവർക്ക് കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്ക് മുമ്പ് ഭ്രൂണങ്ങൾ ഉണ്ടാക്കി സൂക്ഷിച്ചു വെക്കാനും ഐവിഎഫ് സഹായിക്കുന്നു.ഐവിഎഫിന്റെ ഇൻഡിക്കേഷൻസ് വന്നു കഴിഞ്ഞാൽ ചികിത്സ വൈകിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സ വൈകുംതോറും സ്ത്രീയുടെ അണ്ഡങ്ങൾ കിട്ടാനുള്ള സാധ്യത കുറയും. അണ്ഡങ്ങളുടെ എണ്ണം കുറയുമ്പോൾ ഭ്രൂണങ്ങളുടെ എണ്ണവും കുറയുകയും വിജയസാധ്യത വളരെ കുറയുകയും ചെയ്യും. ഒരു സ്ത്രീക്ക് ജന്മനാൽ ഉള്ള അണ്ഡങ്ങളുടെ എണ്ണം പരിമിതമാണ് (1 മുതൽ 2 മില്യൺ വരെ); ഇത് ഓരോ മാസവും കുറഞ്ഞുവരുന്നു. അതുകൊണ്ട്, ഓവേറിയൻ റിസർവ് എല്ലാം നഷ്ടപ്പെട്ടതിനുശേഷം ഐവിഎഫിന് പോകുമ്പോൾ അണ്ഡങ്ങൾ കുറഞ്ഞുപോകാൻ സാധ്യതയുണ്ട്.ഐവിഎഫ് ചികിത്സയ്ക്ക് ഒവേറിയൻ സ്റ്റിമുലേഷൻ പ്രോട്ടോക്കോളുകൾ (Ovarian Stimulation Protocols) ഉണ്ട്. ഹോർമോണുകൾ (ഗോണഡോട്രോഫിൻസ്) നൽകി ഓവറിയിൽ ഫോളിക്കിൾസ് വളർത്തിയതിനുശേഷം അണ്ഡങ്ങൾ കുത്തിയെടുക്കുന്നു. ഈ അണ്ഡങ്ങൾ ലാബിൽ വെച്ച് ബീജവുമായി സങ്കലനം ചെയ്ത് ഭ്രൂണമാക്കി മാറ്റുന്നു.ഭ്രൂണങ്ങൾ മൂന്നാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിൽ തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാം (ഫ്രഷ് എംബ്രിയോ ട്രാൻസ്ഫർ). അഥവാ, ഗർഭപാത്രത്തിന്റെ ലൈനിംഗ് (എൻഡോമെട്രിയം) അത്ര നല്ലതല്ലെങ്കിൽ ഭ്രൂണങ്ങൾ ഫ്രീസ് ചെയ്ത് മറ്റൊരു സൈക്കിളിൽ തിരികെ നിക്ഷേപിക്കാം (ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ – FET).ഐവിഎഫ്, ഐസിഎസ്ഐ എന്നിവ കൂടാതെ, ഭ്രൂണങ്ങൾ ഹാച്ച് ചെയ്യാനായി ലേസർ ഹാച്ചിങ് (Laser Hatching) പോലുള്ള ടെക്നിക്കുകൾ ഇന്ന് ലഭ്യമാണ്. ക്രയോപ്രിസർവേഷൻ വഴി ഭ്രൂണങ്ങൾ, അണ്ഡങ്ങൾ എന്നിവ ലിക്വിഡ് നൈട്രജനിൽ വളരെ താഴ്ന്ന താപനിലയിൽ ടാങ്കുകളിൽ സൂക്ഷിച്ചു വെക്കാൻ സാധിക്കും. പുതിയ എആർടി (ART) നിയമങ്ങൾ അനുസരിച്ച് ഇത് ഏകദേശം 10 വർഷം വരെ സൂക്ഷിച്ചു വെക്കാൻ കഴിയും. ഓങ്കോ ട്രീറ്റ്മെന്റിന് (ക്യാൻസർ ചികിത്സ) പോകുന്നവർക്ക് ചികിത്സയ്ക്ക് ശേഷം തിരിച്ചിടുന്നതിനും, വിവാഹിതരാകാത്ത സ്ത്രീകൾക്ക് അവരുടെ അണ്ഡങ്ങൾ പിന്നീട് ഉപയോഗിക്കാനായി ഫ്രീസ് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനകരമാണ്. ഈ ക്രയോപ്രിസർവേഷൻ സംവിധാനങ്ങൾ സ്ത്രീകളുടെ വന്ധ്യതാ പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാണ്.ഐവിഎഫ് ചെയ്തതിനുശേഷം പ്രത്യേകമായി ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല. ഇത് സാധാരണ ഗർഭം പോലെ തന്നെയാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. മരുന്നുകൾ ഗർഭം നിലനിർത്താൻ സഹായിക്കുന്നവയാണ്, പ്രത്യേകിച്ച് ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ നടത്തിയവർക്ക്.ഐവിഎഫ് ഒരു വലിയ സങ്കീർണ്ണമായ പ്രൊസീജർ അല്ല. അണ്ഡം കുത്തിയെടുക്കുന്നത് അനസ്തേഷ്യ നൽകിയാണ്. എങ്കിലും, ഒരു പ്രധാന സങ്കീർണത പോളിസിസ്റ്റിക് ഓവേരിയൻ സിൻഡ്രോം (PCOS) ഉള്ളവരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ ഓവേറിയൻ ഹൈപ്പർ സ്റ്റിമുലേഷൻ സിൻഡ്രോം (OHSS) എന്ന് പറയുന്നു. ഒരുപാട് അണ്ഡങ്ങൾ ഒരുമിച്ച് വളരുമ്പോൾ ഇത് ശരീരത്തിൽ ഈസ്ട്രജൻ വർദ്ധിക്കാനും വയറിൽ വെള്ളം കെട്ടാനും കാരണമാകും. ചിലപ്പോൾ വെള്ളം കുത്തിയെടുക്കേണ്ട സാഹചര്യവും വരാം. എങ്കിലും, ഒഎച്ച്എസ്എസ് തടയാനായി ഇന്ന് ചികിത്സാ പ്രോട്ടോക്കോളുകളിൽ മാറ്റങ്ങളും (ഭ്രൂണം അന്നേരം തിരികെ നിക്ഷേപിക്കാതെ ഫ്രീസ് ചെയ്തു വെക്കുക) മരുന്നുകളും ലഭ്യമാണ്. അപൂർവ്വമായി, അണ്ഡങ്ങൾ കുറഞ്ഞവരിൽ കുത്തിയെടുക്കുമ്പോൾ അണ്ഡങ്ങൾ കിട്ടാതെ വരികയോ, ബീജവുമായി സങ്കലനം നടക്കാതെ ഭ്രൂണങ്ങൾ ലഭിക്കാതിരിക്കുകയോ ചെയ്യാം.സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐവിഎഫ് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. മറ്റ് താലൂക്ക് ഹോസ്പിറ്റൽസിലും ഇത് തുടങ്ങാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.സർക്കാർ ആശുപത്രികളിൽ ഐവിഎഫ് ചികിത്സ താരതമ്യേന കുറഞ്ഞ ചിലവിൽ ലഭ്യമാണ്. പ്രൈവറ്റ് ആശുപത്രികളെ അപേക്ഷിച്ച് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു, കൂടാതെ ഡോക്ടർമാരുടെ സേവനങ്ങൾക്ക് പ്രത്യേകം ചാർജുകൾ ഇല്ല. പ്രൈവറ്റ് ഹോസ്പിറ്റലിലുള്ള അതേ നിലവാരത്തിലുള്ള സംവിധാനങ്ങൾ ഇന്ന് മെഡിക്കൽ കോളേജുകളിലും ലഭ്യമാണ്.ഐവിഎഫിന്റെ വിജയസാധ്യത ഏകദേശം 30% മുതൽ 60% വരെയാണ്. മൂന്നാം ദിവസത്തെ ഭ്രൂണം (Day 3 embryo) നിക്ഷേപിക്കുമ്പോൾ സാധ്യത 30% മുതൽ 40% വരെയാണെങ്കിൽ, അഞ്ചാം ദിവസത്തെ ഭ്രൂണം (Day 5 embryo/Blastocyst) നിക്ഷേപിക്കുമ്പോൾ സാധ്യത 50% മുതൽ 60% വരെയാവാംThe post പ്രതീക്ഷയുടെ ലോകം തുറന്ന ഐവിഎഫ് ചികിത്സ; വന്ധ്യതാ കാരണങ്ങളും നൂതന ചികിത്സാ രീതികളും അറിയാം appeared first on Kairali News | Kairali News Live.