പ്രൊഫ. വി.കെ. ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Wait 5 sec.

പ്രൊഫസർ വി.കെ. ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ ശാസ്ത്ര പ്രചാരകനായിരുന്ന പ്രൊഫസർ വി.കെ. ദാമോദരൻ ഊർജ്ജസംരക്ഷണ രംഗത്തും ഊർജ്ജ ആസൂത്രണ രംഗത്തും അതുല്യമായ സംഭാവനകൾ ചെയ്ത വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ലോകരാജ്യങ്ങളുടെ ഊർജ്ജ ആസൂത്രണത്തിലും ഊർജ്ജ സംരക്ഷണത്തിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പുനരുപയോഗ ഊർജ്ജ രംഗത്ത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വിശേഷിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതായിരുന്നില്ല. അവിടുത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജ്ജ ലഭ്യതക്കായി ‘ഹൈബ്രിഡ് വില്ലേജ് എനർജി സെന്റർ’ മാതൃക യുണിഡോക്ക് (UNIDO-യ്ക്ക്) വേണ്ടി വികസിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് പല ലോകരാജ്യങ്ങളും ആഴത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയതലത്തിൽത്തന്നെ വളരെ ശ്രദ്ധേയനായ ഒരു ഊർജ്ജ വിദഗ്ധൻ ആയിരുന്നു പ്രൊഫസർ വി.കെ. ദാമോദരൻ. ശാസ്ത്രമേഖലയിലെ അനേകം പുസ്തകങ്ങളുടെ രചയിതാവും ശാസ്ത്രപ്രബോധകനും ആയിരുന്നു.എനർജി മാനേജ്മെന്റ് സെന്ററിന്റെ തലവൻ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനമാണ്  കാഴ്ചവെച്ചത്. ആ ഘട്ടത്തിൽ അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ മുൻ ഡയറക്ടറും വൈദ്യുതി വകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.