ഓൺലൈൻ തട്ടിപ്പ്; പ്രവാസി മലയാളിയുടെ പണം തട്ടിയെടുത്തതായി പരാതി

Wait 5 sec.

ഗ്യാസ് ഡീലർഷിപ്പ് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റ് വഴി പ്രവാസി മലയാളിയുടെ പണം തട്ടിയെടുത്തതായി പരാതി. ദോഹയിലെ അൽ ഖോറിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ അഭിലാഷ് ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.ഓൺലൈനിൽ കണ്ട എൽ.പി.ജിയുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റിലൂടെയാണ് അഭിലാഷ് ഗ്യാസ് ഡീലർഷിപ്പിനായി അപേക്ഷിച്ചത്. ഒരു ഡീലർഷിപ്പ് സ്ലോട്ടിന് 3 ലക്ഷം രൂപയും അപേക്ഷാ ഫീസായി 25,000 രൂപയും അടയ്ക്കണമെന്ന് സൈറ്റിൽ ആവശ്യപ്പെട്ടിരുന്നു.തുടർന്ന്, അഭിലാഷ് തൻ്റെയും സഹോദരൻ്റെയും പേരിൽ രണ്ട് അപേക്ഷകൾക്കായി ആകെ 50,000 രൂപ ഗൂഗിൾ പേ വഴി അടച്ചു. പണത്തോടൊപ്പം ഫോട്ടോ, ഐ.ഡി. പ്രൂഫ്, പാൻ കാർഡ് തുടങ്ങിയ രേഖകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. നവംബർ 10-ന് ലോട്ട് നറുക്കെടുപ്പ് നടക്കുമെന്നും ഡീലർഷിപ്പ് ലഭിച്ചാൽ ബാക്കി തുക അടയ്ക്കണമെന്നുമായിരുന്നു സൈറ്റിൽ നൽകിയിരുന്ന വിവരം.ലോട്ട് ലഭിച്ചു എന്ന സന്ദേശങ്ങളാണ് പിന്നീട് അഭിലാഷിന് ലഭിച്ചത്. മുഴുവൻ തുകയും കൂടുതൽ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പുകളും സൈറ്റിലൂടെ വന്നു. ഇതോടെ സംശയം തോന്നിയ അഭിലാഷ്, വെബ്സൈറ്റിൽ നൽകിയിരുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവയൊന്നും പ്രവർത്തിക്കുന്നില്ലായിരുന്നു.തുടർന്ന് എൽ.പി.ജി.യുടെ ഔദ്യോഗിക ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് താൻ കണ്ടത് വ്യാജ വെബ്സൈറ്റാണെന്ന് അഭിലാഷ് തിരിച്ചറിയുന്നത്. അപേക്ഷാ ഫീസായി നൽകിയ പണം പോയത് രവിശങ്കർ ബിന്ദ് എന്ന പേരിലുള്ള ഒരു വ്യക്തിഗത അക്കൗണ്ടിലേക്കാണ് എന്നും കണ്ടെത്തി.സംഭവത്തിൽ സൈബർ സെൽ നാഷണൽ പോർട്ടൽ, തിടനാട് പോലീസ് സ്റ്റേഷൻ, മുംബൈ സൈബർ സെൽ, ചീഫ് മിനിസ്റ്റർ സെൽ എന്നിവിടങ്ങളിൽ അഭിലാഷ് പരാതി നൽകിയെങ്കിലും, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.മാത്രമല്ല, പൊതുജനങ്ങളെ കബളിപ്പിക്കാനായി വ്യാജ വെബ്സൈറ്റ് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ഓൺലൈൻ തട്ടിപ്പ്; പ്രവാസി മലയാളിയുടെ പണം തട്ടിയെടുത്തതായി പരാതി appeared first on Arabian Malayali.