മായിൻ ഹാജിയും യു പോക്കറുംതമ്മില്‍ പോര്; നല്ലളത്ത് കൂട്ടരാജി

Wait 5 sec.

കോഴിക്കോട് | മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം സി മായിൻ ഹാജിയും എസ് ടി യു നേതാവ് യു പോക്കറും തമ്മിലുള്ള പോരില്‍ മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. യൂത്ത് ലീഗ്, എം എസ് എഫ് ഘടകങ്ങളിലെ ഭാരവാഹികളും രാജി സമര്‍പ്പിച്ചിട്ടുണ്ട്.മായിന്‍ ഹാജിയുടെയും യു പോക്കറിന്റെയും സ്വന്തം നാടായ കോഴിക്കോട് കോര്‍പറേഷനില്‍ നല്ലളം 43ാം ഡിവിഷനിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് പാര്‍ട്ടിയിൽ പ്രതിസന്ധി ഉടലെടുത്തത്. യു പോക്കറിനെ മത്സരിപ്പിക്കാനാണ് ഡിവിഷനില്‍ ആകെയുള്ള നാല് ശാഖാ കമ്മിറ്റികളിൽ നിന്നും ആവശ്യമുയര്‍ന്നത്. എന്നാല്‍, മായിന്‍ ഹാജി സ്വന്തം താത്പര്യം മുന്‍നിര്‍ത്തി മേഖലാ ലീഗ് പ്രസിഡന്റ് വി പി ഇബ്‌റാഹീമിന് സ്ഥാനാര്‍ഥിത്വം നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.2015ലും 2020ലും സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുസ്‌ലിം ലീഗില്‍ കടുത്ത ഭിന്നത ഉടലെടുക്കുകയും കഴിഞ്ഞ തവണ ഐ എന്‍ എല്ലിന് വേണ്ടി എല്‍ ഡി എഫ് സ്വതന്ത്രയായി മത്സരിച്ച വനിതാ ലീഗ് നേതാവ് മൈമൂന ടീച്ചര്‍ വിജയിക്കുകയും ചെയ്ത ഡിവിഷനാണിത്. 2015ലും നല്ലളത്ത് ഇത്തവണത്തെ പോലെ തന്നെ എം സി മായിന്‍ ഹാജിക്കെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു.ശാഖാ കമ്മിറ്റികള്‍ താത്പര്യപ്പെട്ട സ്ഥാനാര്‍ഥിയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് മേഖലാ നേതാക്കളടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ലീഗ് സ്ഥാനാര്‍ഥിയെ അന്ന് ചെറിയവോട്ടിനാണ് വിജയിപ്പിക്കാനായത്. എല്‍ ഡി എഫ് പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗിനാണ് ഇത്തവണ നല്ലളം നല്‍കിയിരിക്കുന്നത്. എം മുസ്തഫയാണ് സ്ഥാനാര്‍ഥി.എന്നാല്‍, നിലവിലെ കൗണ്‍സിലര്‍ മൈമൂനത്തിനെ യു ഡി എഫ് റിബലായി മത്സരിപ്പിക്കാനുള്ള നീക്കവും ലീഗ് വിമതര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിർത്താൻ എല്‍ ഡി എഫുമായുള്ള ചര്‍ച്ചകളും നടന്നുവരുന്നുണ്ടെന്നാണ് വിവരം.