ഗുല്‍ബര്‍ഗ | എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഉത്തര കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സാഹിത്യോത്സവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രതിഭകള്‍ പങ്കെടുത്തു. 531 പോയിന്റ്നേടി കര്‍ണാടക സാഹിത്യോത്സവില്‍ ജേതാക്കളായി. കേരളം, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.ക്യാമ്പസ് ബോയ്‌സ് വിഭാഗത്തില്‍ മത്സരിച്ച മുഹമ്മദ് അസ്ഹദ് പെന്‍ ഓഫ് ദി ഫെസ്റ്റായും ജനറല്‍ വിഭാഗത്തില്‍ മത്സരിച്ച അബ്ദുർറശീദ് സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു.സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ച ആര്‍ട്ട് സ്‌കൂള്‍ കലാ, സാംസ്‌കാരിക വേദിയില്‍ വ്യത്യസ്ത പഠന സെഷനുകള്‍ നടന്നു. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് മദനകൂടു ചിന്നസ്വാമി, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ മുഹമ്മദ് അംജദ് ഹുസൈന്‍, ഉറുദു എഴുത്തുകാരന്‍ സയ്യിദ് ഹുസൈനി പീരാന്‍ സാഹബ് തുടങ്ങി കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികളും സാഹിത്യപ്രേമികളും പങ്കെടുത്തു. വിദ്യാർഥികളുടെ കരിയര്‍ സാധ്യതകള്‍ തിരിച്ചറിയാനുള്ള അവസരമൊരുക്കിയ എജ്യൂസൈന്‍ കരിയര്‍ ക്ലിനിക്കും ശ്രദ്ധേയമായി.സമാപന സംഗമം ഫഖീഹുല്‍ ഉമര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഡോ. ഖമറുസ്സമാന്‍ ഹുസൈന്‍ ഇനാംദാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ശൈഖ് ശാഹ് മുഹമ്മദ് അഫ്‌സലുദ്ദീന്‍, ഉബൈദുല്ല സഖാഫി, ദില്‍ശാദ് അഹ്്മദ്, ഇബ്‌റാഹീം സഖാഫി, ശരീഫ് നിസാമി, സല്‍മാന്‍ ഖുര്‍ശിദ് മണിപ്പൂര്‍, സ്വാദിഖലി ബുഖാരി സംബന്ധിച്ചു.