അര്‍ഹരായ എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, അനര്‍ഹരായവരെ പുറന്തള്ളുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന എസ് ഐ ആര്‍ ഫോറം പൂരിപ്പിച്ചു വന്നപ്പോഴാണ് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്. 2025ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാ വോട്ടര്‍മാര്‍ക്കും അവരുടെ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി ഫോറം വിതരണം ചെയ്തു വരുന്നുണ്ട്. ഇങ്ങനെ ഫോറം ലഭിച്ചവരില്‍ ചില വോട്ടര്‍മാര്‍ ഇപ്പോള്‍ പ്രസ്തുത ബൂത്ത് പരിധിയിലെ താമസക്കാരോ വോട്ടറോ ആകണമെന്നില്ല. ചിലര്‍ മരണപ്പെട്ടിരിക്കും. മറ്റ് ചിലര്‍ താമസം മാറിപ്പോയിരിക്കും. വേറെ ചിലര്‍ വിദേശത്തായിരിക്കും. അവരെ തിരിച്ചറിയാനുള്ള ചോദ്യാവലികളൊന്നും എസ് ഐ ആര്‍ ഫോറത്തില്‍ ഇല്ല. വോട്ടര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ഒരു ചോദ്യവും, ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പ്രസ്തുത വോട്ടര്‍ മരണപ്പെട്ട തീയതി രേഖപ്പെടുത്താനുള്ള ഒരു കോളവും നല്‍കി, ജനന/മരണ രജിസ്ട്രാര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എസ് ഐ ആര്‍ ഫോറത്തോടൊപ്പം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ മരണപ്പെട്ട വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമായിരുന്നു.വിവാഹം കഴിഞ്ഞ് പോയവരും വീടും സ്ഥലവും വില്‍പ്പന നടത്തി സ്ഥലം മാറിപ്പോയവരുമടക്കം നിരവധി പേരുടെ വോട്ടുകള്‍ എല്ലാ ബൂത്തുകളിലെയും വോട്ടര്‍ പട്ടികയില്‍ കാണാന്‍ കഴിയും. ഇങ്ങനെ താമസം മാറിപ്പോയവരെ കണ്ടെത്താനുള്ള ചോദ്യാവലികളും എസ് ഐ ആര്‍ ഫോറത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു. ഇപ്പോഴും ഈ ബൂത്ത് പരിധിയിലാണോ താമസം എന്ന ഒരു ചോദ്യവും അല്ല എന്നാണ് ഉത്തരമെങ്കില്‍, ഇപ്പാഴത്തെ താമസ സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ബി എല്‍ ഒമാര്‍ക്ക് അന്വേഷിച്ച് രേഖപ്പെടുത്താനുള്ള കോളങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അത്തരം വോട്ടര്‍മാരുടെ വോട്ടുകള്‍ ഇപ്പോഴത്തെ താമസ സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുമായിരുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറിപ്പോയ ചില വോട്ടര്‍മാര്‍ പഴയ താമസ സ്ഥലത്തെ വോട്ട് പുതിയ താമസ സ്ഥലത്തേക്ക് ഫോറം എട്ട് (എ) വഴി മാറ്റുന്നതിന് പകരം, പുതിയ താമസ സ്ഥലത്ത് ഫോറം ആറ് വഴി പുതുതായി വോട്ട് ചേര്‍ക്കും. ഇത്തരക്കാര്‍ക്ക് രണ്ട് സ്ഥലത്തും വോട്ട് കാണും. ഇത്തരം ഇരട്ടിപ്പുകളൊന്നും കണ്ടെത്താനുള്ള ചോദ്യാവലികളോ മറ്റോ എസ് ഐ ആര്‍ ഫോറത്തില്‍ ഇല്ല.നിലവിലുള്ള വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ എസ് ഐ ആര്‍ ഫോറത്തില്‍ ചോദിക്കുന്നുണ്ടെങ്കിലും ബ്രാക്കറ്റില്‍ ഓപ്ഷനല്‍ എന്നെഴുതി അത് നിര്‍ബന്ധമല്ലെന്ന് വരുത്തിത്തീര്‍ത്തിരിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബേങ്ക് അക്കൗണ്ട് എന്നിവയെല്ലാം കാലഹരണപ്പെടുന്ന നാട്ടില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനെ മാത്രം ആധാറുമായി ബന്ധിപ്പിക്കാത്തതെന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും ഒരേ വ്യക്തി ഒന്നിലധികം സ്ഥലത്ത് വോട്ട് ചേര്‍ക്കുന്നത് തടയാനുമൊക്കെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം ചെയ്യേണ്ടത് വോട്ടര്‍ ഐ ഡി നമ്പര്‍ ആധാര്‍ കാര്‍ഡ് നമ്പറുമായി ലിങ്ക് ചെയ്യുകയാണ്.2002ലെ വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ ഒരു വീട്ടിലെ എല്ലാവരുടെയും പേരുകള്‍ ഏറെക്കുറെ ഒരേ സ്ഥലത്തു തന്നെ കാണാന്‍ സാധിക്കും. അന്നത്തെ വോട്ടര്‍ പട്ടികയില്‍ എല്ലാവരുടെയും വീട്ടു നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2025ലെ വോട്ടര്‍ പട്ടികയില്‍ വീട്ടു നമ്പറിന്റെ സ്ഥാനത്ത് “0′ എന്നണ് പല സ്ഥലത്തും ഉള്ളത്. അതിനാല്‍ ഒരേ വീട്ടിലെ വോട്ടര്‍മാരുടെ പേരുകള്‍ തന്നെ പല സ്ഥലത്തായി ചിതറിക്കിടപ്പാണ്. എസ് ഐ ആര്‍ ഫോറത്തില്‍ വീട്ടു നമ്പര്‍ ചേര്‍ക്കാനുള്ള ഒരു കോളം നല്‍കുകയും ഫോറത്തില്‍ എഴുതി നല്‍കുന്ന വീട്ടു നമ്പര്‍ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്താല്‍ ഒരു വീട്ടിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പേരുകള്‍ ഒരേ സ്ഥലത്ത് വരികയും ചെയ്യുമായിരുന്നു. വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്ന ബി എല്‍ ഒമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും അത് സഹായകരമാകുകയും ചെയ്യും.ഇപ്പോള്‍ പുതുതായി വോട്ട് ചേര്‍ക്കുക, വോട്ടറെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുക, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുക, വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്തുക തുടങ്ങി എല്ലാ കാര്യത്തിനും ഓണ്‍ലൈന്‍ സേവനം ലഭ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയോ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമായിരുന്നു. ഇങ്ങനെ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ബി എല്‍ ഒമാരുടെ മൊബൈല്‍ ആപ്പിലേക്ക് (ബി എല്‍ ഒ ആപ്പ്) വരികയും അവര്‍ ഓണ്‍ലൈന്‍ ആയിത്തന്നെ വെരിഫിക്കേഷന്‍ നടത്തുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ എസ് ഐ ആറിന്റെ കാര്യത്തില്‍ മാത്രം ഓണ്‍ലൈന്‍ സേവനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടെന്ന് വെച്ചിരിക്കുന്നു.ചുരുക്കത്തില്‍ എസ് ഐ ആര്‍ കൊണ്ട് തിരഞ്ഞെടുപ്പ് കമീഷന്‍ ഉദ്ദേശിക്കുന്നത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്നതിന് പകരം ഇപ്പോള്‍ വോട്ടര്‍ പട്ടികയിലുള്ളവരുടെ പൂര്‍വീകരുടെ വേരുകള്‍ കണ്ടെത്തുക എന്നതാണ്. 2025ലെ വോട്ടര്‍ പട്ടികയിലുള്ളവര്‍ 2002ലുണ്ടോ, ഇല്ലേ, ഇല്ലെങ്കില്‍ അവരുടെ പിതാവ്, മാതാവ്, മുത്തച്ചന്‍, മുത്തശ്ശി എന്നിവരില്‍ ആരെങ്കിലും 2002ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടോ ഇല്ലേ, എന്ന പരിശോധനയാണിപ്പോള്‍ നടക്കുന്നത്. വളരെ ശ്രദ്ധയോടെയും തെറ്റുകൂടാതെയും എസ് ഐ ആര്‍ ഫോറം പൂരിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കുക.