ഗസ്സാ സിറ്റി | കനത്ത ശൈത്യത്തിലും രണ്ട് ദിവസമായി തുടരുന്ന മഴയിലും ചോർന്നൊലിക്കുന്ന കൂടാരങ്ങളിൽ ഫലസ്തീനികൾ ബുദ്ധിമുട്ടുന്നതിനിടെ തെക്കൻ ഗസ്സയിൽ ഇസ്‌റാഈൽ സൈനികാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടത് നബ്‌ലുസിന് കിഴക്ക് അസ്‌കർ അഭയാർഥി ക്യാമ്പിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ വെടിവെപ്പിലാണ്. നിരവധി ടെന്റുകൾ പൂർണമായും വെള്ളത്തിലാകുകയും ചെയ്തു. ശൈത്യകാലം നേരിടാൻ മതിയായ വസ്ത്രങ്ങളോ പുതപ്പുകളോ ഭക്ഷണമോ ഇല്ലാതെ കടുത്ത പ്രയാസത്തിലാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ. ശക്തമായ വേലിയേറ്റം കടൽ തീരങ്ങളിലെ ടെന്റുകളിൽ താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയാക്കി.ഫലസ്തീൻ കർഷകരുടെ വിള നശിപ്പിക്കുന്നതും ഇസ്‌റാഈൽ സൈന്യം തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ദേർ ഇസ്തിയയിൽ നൂറിലധികം ഒലീവ് മരങ്ങൾ സൈന്യം വേരോടെ പിഴുതു. നബ്‌ലുസിന് തെക്കുപടിഞ്ഞാറ് 15 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു മസ്ജിദ് ഇസ്‌റാഈൽ കൈയേറ്റക്കാർ തകർത്തിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ റാമല്ലക്ക് വടക്കുകിഴക്കായി സിൻജിൽ നഗരത്തിലേക്ക് അതിക്രമിച്ചുകയറി ജൂത കൈയേറ്റക്കാർ ഫലസ്തീനികളുടെ വീടുകളും വാഹനങ്ങളും തകർത്തു.യു എൻ സേനക്ക് നേരെ വെടിവെപ്പ്ലബനാൻ മേഖലയിൽ ഇസ്‌റാഈൽ സൈനികർ മെർകാവ ടാങ്കിൽ നിന്ന് യു എൻ സമാധാന സേനക്ക് നേരെ വെടിയുതിർത്തു. സേനാംഗങ്ങളുടെ അഞ്ച് മീറ്റർ അകലത്തിലാണ് വെടിയുണ്ടകൾ പതിച്ചത്. സെപ്തംബറിലും തെക്കൻ ലബനാനിൽ യു എൻ സമാധാന സേനാംഗങ്ങൾക്കും വാഹനങ്ങൾക്കും നേരെ ഇസ്‌റാഈൽ ഡ്രോണുകൾ ഗ്രനേഡുകൾ വർഷിച്ചിരുന്നു.എന്നാൽ, തെക്കൻ ലബനാനിൽ യു എൻ സമാധാന സേനക്ക് നേരെ വെടിവെച്ചത് മോശം കാലാവസ്ഥ മൂലമാണെന്നും യു എൻ സേനയുടെ പട്രോളിംഗ് ആണെന്ന് മനസ്സിലാക്കിയില്ലെന്നും ‘സംശയിക്കപ്പെടുന്നവർ’ എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്നും ഇസ്‌റാഈൽ സേനാ വൃത്തങ്ങൾ അവകാശപ്പെട്ടു.