ന്യൂഡൽഹി | പാകിസ്താന്റെ ഇന്റലിജൻസ് ഏജൻസിയായ ഐ എസ് ഐയുമായി ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ, തുർക്കിയിൽ നിർമ്മിച്ച അഞ്ചെണ്ണവും ചൈനയിൽ നിർമ്മിച്ച മൂന്നെണ്ണവും ഉൾപ്പെടെ 10 അത്യാധുനിക പിസ്റ്റളുകൾ പിടിച്ചെടുത്തു.കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന സംഘമാണിത്. വിദേശ നിർമ്മിത ഹൈ എൻഡ് പിസ്റ്റളുകൾ പാകിസ്താനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് കടത്തിക്കൊണ്ടുവന്നതായും ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ക്രൈം) സുരേന്ദർ കുമാർ ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.ഡി സി പി സഞ്ജീവ് യാദവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്. ആയുധങ്ങൾ രോഹിണിയിൽ ഒരാൾക്ക് കൈമാറാൻ പോകുന്നതിനിടെ ഫില്ലോർ സ്വദേശി മൻദീപ്, ലുധിയാന സ്വദേശി ദൽവീന്ദർ എന്നിവരാണ് ആദ്യം പിടിയിലായത്. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി റോഹൻ തോമർ, അജയ് എന്ന മോനു എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.