ദൃഷാനയുടെ കുടുംബത്തിന് ആശ്വാസം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

Wait 5 sec.

കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഇടിച്ചിട്ട കാർ കണ്ടെത്താൻ പൊലീസ് നടത്തിയ സമാനതകളില്ലാത്ത അന്വേഷണമാണ് കുട്ടിക്കും കുടുംബത്തിനും തുണയായത്. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ കേസിൽ നിർണ്ണായകമായി.ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്. ALSO READ; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ‘നവംബർ’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതികഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാറിനെ കുറിച്ചും മാധ്യമ വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കാർ കണ്ടെത്തിയത്. വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.The post ദൃഷാനയുടെ കുടുംബത്തിന് ആശ്വാസം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി appeared first on Kairali News | Kairali News Live.