ലക്ഷദ്വീപില്‍ തദ്ദേശ ഭരണ സമിതിയില്ലാതെ മൂന്നാം വര്‍ഷം

Wait 5 sec.

കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആരവമുയരുമ്പോള്‍ ലക്ഷദ്വീപില്‍ പഞ്ചായത്തുകൾക്ക് ഭരണ സമിതിയില്ലാതെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 2023 ജനുവരിയിൽ കാലാവധി അവസാനിച്ച ജില്ലാ പഞ്ചായത്തിലേക്കും 2022 ഡിസംബറില്‍ കാലാവധി അവസാനിച്ച ഗ്രാമപഞ്ചായത്തുകളിലേക്കും ഇതിന് ശേഷം ദ്വീപില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിലവില്‍ എം പിയായ മുഹമ്മദ് ഹംദുല്ല സഈദാണ് ലക്ഷദ്വീപിലെ ഏക ജനപ്രതിനിധി.വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയതാണ് തിരഞ്ഞെടുപ്പുകള്‍ നീണ്ടുപോകാന്‍ കാരണം. പത്ത് പഞ്ചായത്തുകളുള്ള ലക്ഷദ്വീപിനെ 18 പഞ്ചായത്തുകളായി വിഭജിക്കാനുള്ള ഭരണകൂട നീക്കം വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, കവരത്തി മുന്‍ വൈസ് ചെയര്‍പേഴ്‌സൻ നസീര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത്രയും പഞ്ചായത്തുകളാക്കാനുള്ള ജനസാന്ദ്രത ദ്വീപിലില്ലെന്ന് കണ്ടെത്തി ഹൈക്കോടതി തീരുമാനം റദ്ദാക്കി. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റർ നല്‍കിയ അപ്പീലടക്കം കോടതിയുടെ പരിഗണനയിലാണ്.പഞ്ചായത്ത് ഭരണം സ്്തംഭിച്ചതോടെ റോഡ് നിര്‍മാണം, നാളികേര സംഭരണ യൂനിറ്റുകള്‍, ഫിഷിംഗ് യൂനിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലായി. പിന്നാലെ, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട ദ്വീപില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, 2024 നവംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശവും നടപ്പായില്ല.നിലവില്‍ പത്ത് ദ്വീപുകളുടെയും നടത്തിപ്പ് ചുമതല സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ (പഞ്ചായത്ത് സെക്രട്ടറി) എന്നിവര്‍ക്കാണ്. 1997 ഡിസംബറിലും 1998 ജനുവരിയിലുമായാണ് പത്ത് ജനവാസ ദ്വീപുകളെ ഓരോ ഗ്രാമ (ദ്വീപ്) പഞ്ചായത്തുകളായും ദ്വീപുകളെയൊന്നാകെ ഒരു ജില്ലാ പഞ്ചായത്തുമായി രൂപവത്കരിക്കുന്നത്. 79 അംഗങ്ങളുമായി ആരംഭിച്ച ഗ്രാമ (ദ്വീപ്) പഞ്ചായത്തുകള്‍ അംഗസംഖ്യ 88 ആയി ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് 22 അംഗങ്ങളില്‍ നിന്ന് 26ലേക്ക് വളര്‍ന്നു. പ്രദേശത്ത് പഞ്ചായത്തീരാജ് നിലവില്‍ വരുന്നതിന് മുമ്പ് ദ്വീപുകളില്‍ സിറ്റിസണ്‍ കൗണ്‍സിലുകളും മുഴുവന്‍ ദ്വീപുകള്‍ക്കും ഒരു സിറ്റിസണ്‍ കമ്മിറ്റിയും നിലവിലുണ്ടായിരുന്നു.എല്ലാ ദ്വീപുകളില്‍ നിന്നുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു അഡ്മിനിസ്ട്രേറ്റര്‍ അഡ്വൈസറി കൗണ്‍സിലും ഉണ്ടായിരുന്നു. 1988ല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ റെഗുലേഷന്‍ നിലവില്‍ വന്നതോടെ ഇവയെല്ലാം നിര്‍ത്തലാക്കി. അവസാനമായി തിരഞ്ഞെടുപ്പ് നടന്ന 2018ല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ അഞ്ചാം പഞ്ചായത്ത് ഭരണസമിതിയാണ് അധികാരത്തിലേറിയത്. അന്ത്രോത്ത്, കവരത്തി, മിനിക്കോയി ദ്വീപുകളെ മൂന്നാക്കി തിരിച്ചും അമിനി, കടമത്ത്, അഗത്തി എന്നിവയെ രണ്ടായി കീറിമുറിച്ചുമാണ് ദ്വീപില്‍ വാര്‍ഡ് വിഭജനം നടപ്പാക്കാന്‍ കേന്ദ്രം ശ്രമിച്ചത്.