തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കും; കരാറുകളില്‍ ഒപ്പ്‌വച്ച് സഊദിയും യു എസും

Wait 5 sec.

വാഷിംങ്ടണ്‍/റിയാദ് | സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യു എസ് പര്യടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പ്‌വച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തന്ത്രപരമായ പ്രതിരോധം, കൃത്രിമ ബുദ്ധി, ആണവോര്‍ജം, നിര്‍ണായക ലോഹങ്ങള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, പരിശീലനം, വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയ കരാറുകളിലാണ് കിരീടാവകാശിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒപ്പ്‌വച്ചത്.പ്രാദേശിക, അന്തര്‍ദേശീയ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സുരക്ഷാ പങ്കാളിത്തമാണ് കരാറിലൂടെ സ്ഥിരീകരിക്കുന്നത്. ഇത് ദീര്‍ഘകാല പ്രതിരോധ ഏകോപനം, പ്രതിരോധ ശേഷി സന്നദ്ധതയും വര്‍ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ശേഷികളുടെ വികസനത്തിനും സംയോജനത്തിനും പിന്തുണ നല്‍കുകയും ചെയ്യുന്നതായി സഊദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ആഗോള സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധതയെ കരാര്‍ അടിവരയിടുന്നതായും അദ്ദേഹം പ്രതികരിച്ചു.കരാറുകള്‍ ഇരു രാജ്യങ്ങളിലേക്കും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും സഊദി പൗരന്മാര്‍ക്കും അമേരിക്കക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക, ആഗോള സുരക്ഷയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് യു എസിലെ സഊദി അംബാസഡര്‍ രാജകുമാരി റീമ ബിന്റ് ബന്ദര്‍ വ്യക്തമാക്കി.വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത ശ്രമങ്ങളും പ്രാദേശിക, അന്തര്‍ദേശീയ വികസനങ്ങള്‍, പ്രാദേശിക, ആഗോള സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.നേരത്തെ ഓവല്‍ ഓഫീസില്‍, ഡൊണാള്‍ഡ് ട്രംപ് കിരീടാവകാശിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. 2025 സഊദി അറേബ്യ പ്രഖ്യാപിച്ച 600 ബില്യണ്‍ ഡോളറില്‍ നിന്ന് രാജ്യത്തിന്റെ യു എസ് നിക്ഷേപങ്ങള്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു. നമ്മുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമാണിതെന്നും ഭാവിയിലേക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു.