ന്യൂയോർക്ക് | ഗസ്സാ സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥകളെ പിന്തുണച്ചുള്ള ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി പ്രമേയത്തിൽ സമ്മിശ്ര പ്രതികരണം. ഗസ്സയിൽ പരിവർത്തന സർക്കാർ വേണമെന്നും അന്താരാഷ്ട്ര സേന വിന്യസിക്കണമെന്നും നിഷ്കർഷിക്കുന്ന പ്രമേയത്തെ രക്ഷാസമിതിയിൽ ആരും വീറ്റോ ചെയ്തിരുന്നില്ല. എന്നാൽ, പദ്ധതിയിൽ ഫലസ്തീൻ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി റഷ്യയും ചൈനയും വിട്ടുനിന്നിരുന്നു.ഗസ്സയിലേക്ക് തടസ്സങ്ങളില്ലാതെ സഹായം ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമേയത്തെ പിന്തുണച്ച് ഫലസ്തീൻ അതോറിറ്റി അറിയിച്ചു. ഗസ്സയിൽ സാധാരണ ജീവിതം തിരികെ കൊണ്ടുവരാനും കുടിയിറക്കൽ തടയാനും പ്രമേയം ഉടനടി നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഫലസ്തീനികൾക്ക് യാതൊരു പങ്കുമില്ലാത്ത വിധമാണ് നിലവിലെ വ്യവസ്ഥകളെന്ന് റഷ്യയുടെ യു എൻ അംബാസഡർ വാസ്സിലി നെബെൻസിയ പറഞ്ഞു. നിലവിലെ ഫലസ്തീൻ അതോറിറ്റിയുടെ അഭിപ്രായമോ നിലപാടോ പരിഗണിക്കാതെ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കാൻ അന്താരാഷ്ട്ര സേനക്ക് കഴിയുമെന്നാണ് മനസ്സിലാക്കുന്നത്. യു എൻ പ്രമേയം, ഇസ്‌റാഈലിലും അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തും അമേരിക്കയുടെ “കടിഞ്ഞാണില്ലാത്ത പരീക്ഷണങ്ങൾക്ക്’ മറയാകരുത്. വ്യവസ്ഥ പ്രകാരമുള്ള പരിവർത്തന സർക്കാർ വന്നാൽ, വെസ്റ്റ് ബാങ്കിനെ ഗസ്സയിൽ നിന്ന് വേർതിരിക്കുന്നതിന് ആക്കം കൂട്ടും. ഇത് കൊളോണിയൽ ഭരണകാലത്തെ ഓർമിപ്പിക്കുന്നതാണെന്നും റഷ്യ പറഞ്ഞു.ഗസ്സയിലെ ഫലസ്തീൻ ഭരണത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിലുമുള്ള അവ്യക്തതയാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ചൈനയുടെ യു എൻ പ്രതിനിധി ഫു കോംഗ് പറഞ്ഞു. ഗസ്സയിൽ വിന്യസിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സേനയുടെ ഘടന, പരിധി ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ കരട് പ്രമേയം അവ്യക്തമാണെന്ന് ഫു കോംഗ് പറഞ്ഞു.ഗസ്സാ സമാധാനശ്രമങ്ങളെ പിന്തുണക്കുന്നതിനും ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഫ്രാൻസ് പ്രതികരിച്ചു.അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനൊപ്പം ഗസ്സയിലെ എല്ലാ ക്രോസ്സിംഗുകളും തുറക്കുകയും വേണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. സഹായങ്ങൾ സുഗമമായി ഗസ്സയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.