50 രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പതിലധികം മാധ്യമ സ്ഥാപനങ്ങള്‍ 2025 സെപ്തംബര്‍ ഒന്നിന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഫലസ്തീന്‍ റിപോര്‍ട്ടര്‍മാര്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ക്രൂരമായ കുറ്റകൃത്യങ്ങളെ തുറന്നു കാട്ടുകയുണ്ടായി. റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും (ആര്‍ എസ് എഫ്) ആഗോള മാധ്യമ പ്രചാരണ പ്രസ്ഥാനമായ “ആവാസും’ ചേര്‍ന്നായിരുന്നു ഈ റിപോര്‍ട്ട് പുറത്തുവിട്ടത്. ഗസ്സയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നു, വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ ഈ ജേര്‍ണലിസ്റ്റുകളെ ജീവിക്കാന്‍ സമ്മതിക്കാതെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുന്നു, വിദേശ മാധ്യമങ്ങള്‍ക്ക് ഗസ്സ മുനമ്പിലേക്ക് പ്രവേശനം നിഷേധിക്കുന്നു എന്നിവയായിരുന്നു ഈ റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന നിരവധി ആക്രമണങ്ങള്‍ക്കിടെ, 2025 ആഗസ്റ്റ് 25ന്, മധ്യ ഗസ്സയിലെ അല്‍നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ഒരു കെട്ടിടത്തെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചത് ഈ റിപോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ കെട്ടിടം റിപോര്‍ട്ടര്‍മാരുടെ അറിയപ്പെടുന്ന ജോലിസ്ഥലമായിരുന്നു. അഞ്ച് പത്രപ്രവര്‍ത്തകരും റോയിട്ടേഴ്സ്, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങിയ അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ കൊല്ലപ്പെട്ടു. ഇതിന് രണ്ടാഴ്ച മുമ്പ്, ആഗസ്റ്റ് പത്തിന് രാത്രി, ഇസ്‌റാഈല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ആറ് റിപോര്‍ട്ടര്‍മാരാണ് മരിച്ചത്. ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം അല്‍ജസീറ ലേഖകന്‍ അനസ് അല്‍ശരീഫ് ആയിരുന്നു. അദ്ദേഹത്തെ പിന്നീട് ഇസ്‌റാഈല്‍ കൊലപ്പെടുത്തുകയുണ്ടായി. അനസ് അല്‍ശരീഫ് എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനോടൊപ്പം കൊല്ലപ്പെട്ട മറ്റ് മൂന്ന് അല്‍ജസീറ പത്രപ്രവര്‍ത്തകര്‍ റിപോര്‍ട്ടറായ മുഹമ്മദ് ഖരീഖ്, ക്യാമറാമാന്‍ ഇബ്റാഹീം സഹര്‍, ക്രൂ ഡ്രൈവറും ക്യാമറാമാനുമായ മുഹമ്മദ് നൗഫല്‍ എന്നിവരാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പിറ്റേന്നാണ് സ്വാലിഹ് അല്‍ജഅ്ഫറാവി എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനെ ഇസ്‌റാഈല്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഏറെ വൈകാരികമായ വാര്‍ത്തയായിരുന്നു അത്. 28 വയസ്സ് പ്രായമുണ്ടായിരുന്ന സ്വാലിഹിന്റെ രക്തസാക്ഷിത്വം കവര്‍ ചെയ്ത അല്‍ജസീറ ഒക്ടോബര്‍ 12ന് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫലസ്തീനില്‍ ജീവന്‍ പൊലിഞ്ഞത് 278 മാധ്യമ പ്രവര്‍ത്തകരാണ്. അവരുടെ മുഴുവന്‍ പേരുകളും അല്‍ജസീറ പുറത്തുവിടുകയുണ്ടായി.ആര്‍ എസ് എഫ് ഡാറ്റ പ്രകാരം, ഫലസ്തീനില്‍ 23 മാസത്തെ ഇസ്‌റാഈല്‍ സൈനിക നടപടികളില്‍ ഗസ്സ മുനമ്പില്‍ മുന്നൂറിലധികം പത്രപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ കുറഞ്ഞത് 56 പേരെങ്കിലും ഇസ്‌റാഈല്‍ സൈന്യം മനപ്പൂര്‍വം വെടിവെച്ചതോ ജോലി ചെയ്യുന്നതിനിടയില്‍ കൊല്ലപ്പെട്ടവരോ ആണ്. ഈ കൊടും ക്രൂരതക്കെതിരെ അന്തര്‍ദേശീയതലത്തില്‍ നിരവധി മാധ്യമങ്ങള്‍ ശബ്ദമുയര്‍ത്തുകയുണ്ടായി. മീഡിയ പാര്‍ട്ട് (ഫ്രാന്‍സ്), അല്‍ജസീറ (ഖത്വര്‍), ദി ഇന്‍ഡിപെന്‍ഡന്റ് (യുനൈറ്റഡ് കിംഗ്ഡം), +972 മാഗസിന്‍ (ഇസ്‌റാഈല്‍/ഫലസ്തീന്‍), ലോക്കല്‍ കോള്‍ (ഇസ്‌റാഈല്‍/ഫലസ്തീന്‍), ഇന്‍ഫോ ലിബര്‍ (സ്പെയിന്‍), ഫോര്‍ബിഡന്‍ സ്റ്റോറീസ് (ഫ്രാങ്ക്ഫ്റാന്‍), ഫ്രാങ്ക്ഫ്റര്‍ജിമാന്‍ (ജര്‍മനി), ആര്‍ ടി വി ഇ (സ്‌പെയിന്‍), ദ ന്യൂ അറബ് (യുനൈറ്റഡ് കിംഗ്ഡം), ദരാജ് (ലെബനന്‍), ന്യൂ ബ്ലൂം (തായ്വാന്‍), ഫോട്ടോണ്‍ മീഡിയ (ഹോങ്കോംഗ്), ലാ വോയിക്‌സ് ഡു സെന്റര്‍ (കാമറൂണ്‍), ഗ്വിനി മാറ്റിന്‍ (ഗിനിയ), ദി ലീബാന്‍ (നോര്‍ത്ത് കൊറിയ), എന്‍ വണ്‍ (സെര്‍ബിയ), കോഹ (കൊസോവോ), പബ്ലിക് ഇന്ററസ്റ്റ് ജേര്‍ണലിസം ലാബ് (യുക്രൈന്‍), ഇന്റര്‍സെപ്റ്റ് ബ്രസീല്‍ (ബ്രസീല്‍), ലെ സോയര്‍ (ബെല്‍ജിയം), ലാ ലിബ്രെ (ബെല്‍ജിയം), ലെ ഡെസ്‌ക് (മൊറോക്കോ), സെമനാരിയോ ബ്രെച്ച (ഉറുഗ്വേ) തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതക്കെതിരെ ശക്തമായി ശബ്ദിക്കുകയുണ്ടായി.അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച എല്ലാ രാഷ്ട്രങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം സമാനമാണ്. പലരും തങ്ങളുടെ ജോലിയെ നോക്കിക്കാണുന്നത് പോലും അധിനിവേശവിരുദ്ധ സമരമായാണ്. ആഗോളതലത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത മാധ്യമ അജന്‍ഡകളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഏകപക്ഷീയമായ കവറേജും മുസ്‌ലിംവിരുദ്ധ വാര്‍ത്തകളും എല്ലാ കാലത്തും ഇത്തരം അജന്‍ഡകളുടെ ഭാഗമായിരുന്നു. പരസ്യ വിപണിയിലൂടെ എല്ലാ രാഷ്ട്രങ്ങളിലേക്കും പടര്‍ന്നു പന്തലിച്ച സാംസ്‌കാരിക അധിനിവേശവും ഇത്തരം മാധ്യമ രീതികളുടെ ഉപോത്പന്നമായി മാറി. കോര്‍പറേറ്റ്, രാഷ്ട്രീയ, മാധ്യമ ചങ്ങാത്തം ഇതിലെ ഏറ്റവും പ്രകടമായ യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് വരുമ്പോള്‍മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അത്രമേല്‍ ദുഷ്‌കരമായ ഒരു സാഹചര്യമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വെല്ലുവിളികള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോര്‍പറേറ്റ് – രാഷ്ട്രീയ ചങ്ങാത്തം സൃഷ്ടിച്ച പ്രത്യേക ഘടനയില്‍ ഇവിടെ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടി വരുന്നത്. ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ അതിജീവിക്കുകയും സത്യം പറയുന്ന പത്രപ്രവര്‍ത്തകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്ന നടപ്പുരീതിയിലേക്ക് മാധ്യമലോകം വഴിമാറി. വാര്‍ത്ത എന്നത് കേവലം ഒരു ഉത്പന്നമാകുകയും കമ്പോളത്തിലെ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, അച്ചടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാത്രം ന്യൂസ് റൂമുകളില്‍ വാഴുകയും ചെയ്യുന്ന ഒരു കോര്‍പറേറ്റ് രീതിയിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒതുങ്ങുകയും ചെയ്തു. ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുകയും വ്യാജവാര്‍ത്തകള്‍ കൊണ്ടാണെങ്കിലും കോര്‍പറേറ്റ്, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തലത്തിലേക്ക് രാജ്യത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം വഴിമാറി.കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്ത് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി പല പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പലരും ആക്രമിക്കപ്പെട്ടു. പല പ്രമുഖര്‍ക്കും വര്‍ഷങ്ങളോളം ജോലി ചെയ്ത മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. ചില മാധ്യമ പ്രവര്‍ത്തകരെയെങ്കിലും കാണാതായി. മാധ്യമ സ്വാതന്ത്ര്യം എന്നത് അപൂര്‍വമായി മാത്രം കാണുന്ന സംഭവമായി. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ മാധ്യമരംഗം കൂടുതല്‍ പരസ്യമായി ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവുന്നതും മുന്നോട്ടുവരുന്നതും. കോര്‍പറേറ്റ്-രാഷ്ട്രീയ ചങ്ങാത്തം തന്നെയാണ് ഈ പ്രവണതക്ക് ശക്തമായ പിന്തുണയും അവസരവുമൊരുക്കിയത്. നിലവിലുള്ള ഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളുടെയും ഉടമാവകാശം ഭരണകൂടത്തോട് നേരിട്ട് ചങ്ങാത്തമുള്ള കോര്‍പറേറ്റുകള്‍ക്ക് ആയതോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും മോദി സര്‍ക്കാറിനോട് ചേര്‍ന്നു നിന്നു. എന്‍ ഡി ടി വിയിലെ റിപോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെ മാനേജ്‌മെന്റ് പുറത്താക്കിയത്, അമിത് ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപോര്‍ട്ട് ചെയ്തു എന്ന കാരണം കൊണ്ടായിരുന്നു. പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഒരു രഹസ്യമേയല്ല. മോദി ഭരണകാലത്ത് വിവിധ ദേശീയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ ഇതിന് തെളിവാണ്. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനങ്ങള്‍ പുറത്തുവന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഓരോ ജേര്‍ണലിസ്റ്റും ജയിലില്‍ അടക്കപ്പെടുന്നുണ്ട്, ഇപ്പോഴും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നും അമേരിക്കയില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ട്. എന്നാല്‍ സമ്മര്‍ദത്തില്‍ ജീവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് (സി പി ജെ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുദേശീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അതിക്രമങ്ങളും ഭീഷണികളും 2018-19 കാലയളവില്‍ അപകടകരാംവിധം വര്‍ധിച്ചുവെന്നും ഈ റിപോര്‍ട്ട് അടിവരയിടുന്നു. 1992-2016 കാലയളവില്‍ മാത്രം ഇന്ത്യയില്‍ മുപ്പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. എല്ലാം തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലപാതകങ്ങളാണ്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളിലായി 28 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന കണക്കാണ്. ഇതനുസരിച്ച് സോമാലിയ, സിറിയ, നൈജീരിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ സുരക്ഷിതരാണ്. ഇപ്പോഴും അന്തര്‍ദേശീയ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151ാം സ്ഥാനത്താണുള്ളത്.ഇതിന്റെ തുടര്‍ച്ച മാത്രമാണ് കേരളത്തിലെ മാധ്യമ രംഗത്തും നമുക്ക് കാണാന്‍ സാധിക്കുന്നത്. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ഗൗരവത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളും മലയാളത്തില്‍ കുറഞ്ഞു വരുന്നത് ഈ മാധ്യമ ദിനത്തില്‍ നാം തുറന്നു സമ്മതിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. ഇവിടെ നിക്ഷിപ്ത താത്പര്യങ്ങള്‍, ഉടമസ്ഥരുടെ രാഷ്ട്രീയ അജന്‍ഡകള്‍, കോര്‍പറേറ്റ് പരസ്യ വിപണി, മുസ്‌ലിം-ദളിത് വിരുദ്ധത, കേവല വിനോദം തുടങ്ങി അരാഷ്ട്രീയത വരെ നീണ്ടുനില്‍ക്കുന്ന നിസ്സഹായതകളെ മറികടക്കാന്‍ മാത്രം ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ വിരളമായിക്കഴിഞ്ഞു. ഇതിനിടയിലും ഉറച്ച നിലപാടുള്ള ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും മാത്രമാണ് ഭാവിയിലെ മാധ്യമ പ്രവര്‍ത്തനത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നത്.