പെരുമണ്ണയിലും ലീഗ് ഒറ്റക്ക് മത്സരിക്കും; പോരാട്ടത്തിനില്ലാതെ കോണ്‍ഗ്രസ്സ്

Wait 5 sec.

വൈലത്തൂർ | പെരുമണ്ണ ക്ലാരി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇക്കുറി യു ഡി എഫ് സംവിധാനമില്ല. മുസ്്ലിം ലീഗ് ഒറ്റക്ക് മത്സരിക്കും. അതേ സമയം ലീഗിന്റെ നിലപാടിനെതിരെ മത്സരത്തിൽ നിന്ന് മാറി നിൽക്കാനാണ് കോൺഗ്രസ്സിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ലീഗിലെ വിഭാഗീയതയാണ് യു ഡി എഫ് സംവിധാനം തകരാൻ കാരണമായി കോൺഗ്രസ്റ്റ് ആരോപിക്കുന്നത്.യു ഡി എഫ് ജില്ലാ നേതൃത്വം ഇടപെട്ട് മുന്നണി സംവിധാനം നിലനിർത്താൻ പല തവണ ചർച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ തവണ മുന്നണി സംവിധാനത്തിൽ അഞ്ചു സീറ്റിലാണ് കോൺഗ്രസ്സ് മത്സരിച്ചത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.എന്നാൽ ഇക്കുറി രണ്ട്‌ വാർഡുകൾ വർധിച്ചിട്ടും ലീഗിനകത്തെ പ്രശ്നങ്ങൾ കണക്കിലെടുത്ത് അധിക സീറ്റുകൾ ലീഗിന് വിട്ടുനൽകിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും യു ഡി എഫ് ആയി മുന്നോട്ടു പോകാൻ ലീഗിലെ ഒരു വിഭാഗം തയ്യാറാകാത്തതാണ് യു ഡി എഫ് മുന്നണി സംവിധാനത്തിൽ നിന്നും കോൺഗ്രസ്സ് വിട്ടുനിൽക്കാൻ ഇടയാക്കിയത്.ലീഗിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രസിഡന്റ് സ്ഥാനാർഥി സംബന്ധിച്ച തർക്കവും കോൺഗ്രസ്സിന് വിജയ സാധ്യതയുള്ള സീറ്റുകൾ ലീഗിന് വേണമെന്ന വാശിയിൽ വിട്ടുവീഴ്ച ചെയ്തിട്ടും പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് യു ഡിഎഫ് ബന്ധം വഷളാക്കിയത്.നിലവിലുള്ള വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സിന് നൽകാൻ കഴിയില്ലെന്ന് ലീഗ് നിലപാട് എടുത്തതും കോൺഗ്രസ്സ് പ്രവർത്തകരുടെ അമർഷത്തിനിടയാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ വോട്ട് ആർക്കെന്ന് ഈ സാഹചര്യത്തിൽ വ്യക്തമാക്കാനില്ലെന്നും വോട്ടെടുപ്പ് വേളയിൽ ഇതു സംബന്ധിച്ച് അണികൾക്ക് നിർദേശം നൽകുമെന്നാണ് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി പ്രതികരിച്ചത്. വരുന്ന നിയമസഭ, പാർലിമെന്റ് തിരഞ്ഞെടുപ്പുകളിലും ഇതേ നയം സ്വീകരിക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.