സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി

Wait 5 sec.

പാലക്കാട്|പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി. നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്നാണ് നേതാക്കളുടെ ആരോപണം.പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവും രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്ന് പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രീജാ സുരേഷ് ആരോപിച്ചു. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്നും അവര്‍ ആരോപിച്ചു.