വിദേശമാണോ ലക്ഷ്യം ഭാഷ പഠിക്കൂ

Wait 5 sec.

നയതന്ത്ര – വ്യാപാര മേഖലകളിൽ രാജ്യങ്ങൾ തമ്മിൽ പരസ്പര ബന്ധിതമായ ഇന്നത്തെ കാലയളവിൽ വിദേശ ഭാഷകൾ പഠിക്കുക എന്നത് അഭ്യസ്തവിദ്യരുടെ ആവശ്യകതയായി വന്നു ചേർന്നിരിക്കുന്നു. ബഹുഭാഷാ പഠനം യുവാക്കൾക്ക് ആഗോള തൊഴിലവസരങ്ങൾക്കുള്ള പ്രവേശന വഴി കൂടിയാണ്. മൾട്ടിനാഷനൽ കമ്പനികൾ വ്യത്യസ്ത ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന നൽകുന്നു. പുതിയ ഭാഷകൾ പഠിക്കുന്നത് ഓർമശക്തി, പ്രശ്‌നപരിഹാര കഴിവുകൾ, വിശകലന ചിന്ത, മൾട്ടി ടാസ്‌കിംഗ് എന്നിവ മെച്ചപ്പെടുത്തുന്നു. കൂടാതെ ആശയവിനിമയത്തിലെ കൃത്യത തൊഴിലിടങ്ങളിലെ നേതൃത്വപരമായ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഭാഷകളുടെ അതിർത്തികൾ അപ്രസക്തമാക്കുന്ന ഒരു ആഗോള കരിയർ ലോകത്തേക്ക് തൊഴിലന്വേഷകർക്ക് പ്രവേശനവും ലഭിക്കുന്നു.വിദേശ ഭാഷാ പഠനം എന്തിനൊക്കെഉപരിപഠനത്തിനായി ഏത് വിദേശ രാജ്യത്ത് എത്തിയാലും അവിടുത്തെ ഭാഷ സ്വായത്തമല്ലെങ്കിൽ പഠന വഴികളിലെ തടസ്സങ്ങൾ നിരവധിയാണ്. ചൈന, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിദേശ വിദ്യാർഥികളുടെ പഠനത്തിന് ആ രാജ്യത്തിന്റെ പ്രാദേശിക ഭാഷാപരിജ്ഞാനം നിർബന്ധമാക്കുന്നുണ്ട്. അതേപോലെ ജോലിക്കാണ് പോകുന്നതെങ്കിൽ അതത് രാജ്യത്തെ ഭാഷ അറിഞ്ഞേ മതിയാകൂ. ഇവിടങ്ങളിലെല്ലാം സ്‌കിൽഡ് ലേബർ ആവശ്യമായ ജോലികൾ നിരവധിയുണ്ട്. ഈയൊരു തൊഴിലുകളിൽ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ മിടുക്കന്മാരായി പ്രവർത്തിക്കുന്നവരുമാണ്. അതിനാൽ ഭാഷയിൽ പ്രാവീണ്യം നേടിയാൽ ഇത്തരം രാജ്യങ്ങളിലെ ജോലികളിൽ അനായാസം പ്രവേശിക്കാം. ഉപരിപഠനത്തിനും തൊഴിലിനും സഹായിക്കുന്ന വിദേശ ഭാഷകളെയും അവയുടെ പഠനവും പരിചയപ്പെടാം.കൊറിയൻലളിതമായ അക്ഷരമാലയും അതിനനുസരിച്ച ഘടനയും കാരണം മറ്റ് കിഴക്കനേഷ്യൻ ഭാഷകളെ അപേക്ഷിച്ച് കൊറിയൻ ഭാഷ പഠിക്കുക എളുപ്പമാണ്. കോൺവെർസേഷൻ ലെവൽ, അക്കാദമിക് ലെവൽ, പ്രൊഫഷനൽ ലെവൽ എന്നിങ്ങനെ വ്യത്യസ്ത കോഴ്‌സുകളുണ്ട്. വിവരങ്ങൾക്ക്: https://learnkorean.in.ചൈനീസ്ഉപരിപഠനത്തിന് ചൈന ഇന്ന് ഏറെ ഒരു സുപരിചിത രാജ്യമാണ്. ലെവൽ 1- ബിഗിനർ, 2- എലിമെന്ററി, 3- ഇന്റർമീഡിയറ്റ്, 4 – അപ്പർ മീഡിയറ്റ്, 5- അഡ്വാൻസ്ഡ്, 6 – ഫ്ലുവന്റ് എന്നിങ്ങനെയാണ് വിദേശഭാഷയായി പഠിക്കാനുള്ള ലെവൽ സംവിധാനം. ഇത് ഇപ്പോൾ പുതിയ പാറ്റേണിൽ എലമെന്ററി, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നീ ലെവലുകളിൽ ക്രമീകരിച്ച് പഠിക്കുന്ന രീതിയുമുണ്ട്. കൂടാതെ സ്പീക്കിംഗ് ടെസ്റ്റ്, യൂത്ത് ചൈനീസ് ടെസ്റ്റ് (വിദ്യാർഥികൾക്കും യുവാക്കൾക്കുമുള്ളത്), ടെസ്റ്റ് ഫോർ ചൈനീസ് ആസ് എ ഫോറിൻ ലാംഗ്വേജ് എന്നീ കോഴ്‌സുകളും സന്ദർഭാവശ്യാർഥം പഠിക്കാം. മൈസൂർ യൂനിവേഴ്‌സിറ്റി, ഇഗ്ലീഷ് ആൻഡ് ഫോറിൻ യൂനിവേഴ്‌സിറ്റി (ഹൈദരബാദ്), ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി (ഡൽഹി) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ ചൈനീസ് ഒരു ഭാഷാ വിഷയമായി ഉപരിപഠനം നടത്താവുന്ന കോഴ്‌സുകളുണ്ട്. വിവരങ്ങൾക്ക്: www.fmprc.gov.cn.ജാപ്പനീസ്അധ്വാനശീലരുടെ പറുദീസയായാണ് ജപ്പാനെ കണക്കാക്കുന്നത്. ജാപ്പനീസ് ഭാഷയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ തൊഴിൽ രംഗം അത്യാകർഷകമാകും. എൻ 5, എൻ 4, എൻ 3, എൻ 2, എൻ 1 എന്നിങ്ങനെയാണ് ജാപ്പനീസ് ഭാഷാ പഠനത്തിന്റെ ഘട്ടങ്ങൾ. കൂടാതെ ഇന്ത്യൻ സർവകലാശാലകളിൽ ഈ ഭാഷക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതൽ പി എച്ച് ഡി പ്രോഗ്രാം വരെയുണ്ട്. കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ജാപ്പനീസ് ഡിപ്ലോമ കോഴ്‌സിന് ചേരാം. മുംബെ യൂനിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി (ഡൽഹി), ജാമിയ മില്ലിയ ഇസ്‌ലാമിയ്യ (ഡൽഹി), ഇന്ദിരാ ഗാന്ധി ഓപൺ യൂനിവേഴ്‌സിറ്റി (ഡൽഹി) എന്നിവടങ്ങളിൽ ജാപ്പനീസ് ഭാഷയിൽ വ്യത്യസ്ത കോഴ്‌സുകൾ പഠിക്കാം. വിവരങ്ങൾക്ക് :www.in.embjapan.go.jpജർമൻജർമനിയിൽ എത്തിയാൽ അവിടുത്തെ ഭാഷ അറിഞ്ഞേ തീരു. കാരണം ജർമൻ ഭാഷ ഏറ്റവും മഹത്തരമായ ഭാഷയായാണ് അവർ കരുതുന്നത്. ബെൽജിയം, ആസ്ട്രിയ, ലക്‌സംബർഗ് എന്നീ രാജ്യങ്ങളിലെ ഔദ്യോ ഗിക ഭാഷ ജർമനാണ്. അതോടൊപ്പം പോളണ്ട്, ഡെൻമാർക്, യുക്രൈൻ, കസാഖിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും ജർമൻ ബന്ധ ഭാഷയാണെന്ന പ്രത്യേകതയുമുണ്ട്.എ1, എ 2, ബി 1, ബി 2, സി 1, സി 2 എന്ന വിധത്തിലാണ് ജർമൻ ഭാഷാ പഠന കോഴ്‌സുകളുടെ ലെവലുകൾ.ഇന്ത്യയിൽ വിവിധ സർവകലാശാലകളിൽ ജർമൻ ഭാഷ ഒരു വിഷയമായി പഠിക്കാൻ അവസരമുണ്ട്. കേരള സർവകലാശാലയിൽ പി ജി കോഴ്‌സിന് ചേരാം. ഗുജറാത്ത് കേന്ദ്ര സർവകലാശാല, പഞ്ചാബ് സർവകലാശാല, ബനാറസ് സർവകലാശാല എന്നിവടങ്ങളിലെല്ലാം ജർമൻ ഭാഷ ഒരു വിഷയമായി യു ജി, പി ജി പ്രാഗ്രാമുകളിൽ പഠിക്കാം. വിവരങ്ങൾക്ക്: https://daad.de.ഇറ്റാലിയൻഇറ്റലിക്ക് പുറമെ സ്വിറ്റ്‌സർലാൻഡ്, ക്രൊയേഷ്യ, സ്ലോവേനിയ, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ ഇറ്റാലിയനാണ്. എ1, എ 2, ബി 1, ബി 2, സി 1, സി 2 എന്ന ലെവൽ പരീക്ഷകൾക്ക് പഠിക്കാം. മുംബെ യൂനിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഡൽഹി, മദ്രാസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഇറ്റാലിയൻ ഭാഷാ പഠന പ്രോഗ്രാമുകളായുണ്ട്. വിവരങ്ങൾക്ക്: https://www.indiaitaly.com.ഫ്രഞ്ച്യൂറോപ്യൻ രാജ്യങ്ങളിലെ സുപരിചിത ഭാഷയായ ഫ്രഞ്ച്, ഫ്രഞ്ചുകാർക്ക് ശ്രേഷ്ഠ ഭാഷയാണ്. 26 സ്വതന്ത്ര രാജ്യങ്ങളിലും പത്ത് ഉപദേശ പ്രദേശങ്ങളിലും ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ചില രാജ്യങ്ങളിൽ ഉപഭാഷയും. കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽ ഫ്രഞ്ച് ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സുണ്ട്. സെന്റ് തെരേസാസ് കോളജ് എറണാകുളം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ആന്ധ്രാ യൂനിവേഴ്‌സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ യൂനിവേഴ്‌സിറ്റി ഹൈദരബാദ്, ഇന്ദിരാ ഗാന്ധി ഓപൺ യൂനിവേഴ്‌സിറ്റി ഡൽഹി തുടങ്ങിയ സ്ഥാപനങ്ങളിൽ ഫ്രഞ്ച് ഭാഷ ഒരു വിഷയമായി പഠിക്കാൻ അവസരമുണ്ട്. അതോടൊപ്പം എ 1, എ 2, ബി 1, ബി 2, സി 1, സി 2 , എന്നീ ലെവൽ പരീക്ഷകളുമുണ്ട്. വിവരങ്ങൾക്ക്: https://www.inde.campusfrance.org.മറ്റ് കാര്യങ്ങൾഇതിൽ പറഞ്ഞ ലെവൽ ടെസ്റ്റുകൾ അതത് ഭാഷയിലെ പ്രാവീണ്യം വിലയിരുത്തുന്ന പരീക്ഷകളാണ്. ഇവ പാസ്സായാൽ ആ രാജ്യങ്ങളിലെ ഉപരിപഠനത്തിനും ജോലിക്കും വഴി തുറന്നുകിട്ടുന്നു. ഇത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരം പ്രയോജനപ്പെടുത്താം. എന്നാൽ, ഇത്തരം കോഴ്‌സുകൾക്ക് ചേരുന്നതിനു മുന്പ് ഈ സ്ഥാപനങ്ങളൊക്കെ ഉത്തരവാദിത്വത്തോടെയാണ് അധ്യയനം നിർവഹിക്കുന്നതെന്നത് ഉറപ്പു വരുത്തേണ്ടത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കടമയാണ്.