ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Wait 5 sec.

പത്തനംതിട്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചക്ക് 12 വരെ ദര്‍ശനത്തിനെത്തിയത് 1,96,594 പേര്‍. വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് ഉള്‍പ്പെടെയാണിത്.നവംബര്‍ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബര്‍ 17 ന് (വൃശ്ചികം 1) 98,915 പേരും ഇന്ന് ഉച്ചക്ക് 12 വരെ 44,401 പേരുമാണ് ദര്‍ശനത്തിനെത്തിയത്.വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പോലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്‌പോട് ബുക്കിങിന് പമ്പയില്‍ ഏര്‍പ്പെടുത്തിയതിനു പുറമെ, നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.പോലീസിന് നിയന്ത്രിക്കാനാവാതെ വന്നതോടെ പതിനെട്ടാം പടിക്ക് മുമ്പില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് തീര്‍ഥാടകര്‍ പ്രവഹിക്കുന്ന സ്ഥിതിയാണുള്ളത്. ദര്‍ശനം ലഭിക്കാതെ തീര്‍ഥാടകര്‍ മടങ്ങിപ്പോകേണ്ട് വരുന്ന അവസ്ഥയുമുണ്ട്. ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്‍ ക്യൂ നിന്നിട്ടും ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോവേണ്ടി വന്നത്.