കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; ഡമ്മി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍

Wait 5 sec.

കൊച്ചി |   എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എല്‍സി ജോര്‍ജിന്റെ പത്രിക  തളളി.  എല്‍സിക്ക് പിന്തുണ നല്‍കിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലാണ് പത്രിക തളളിയത്. പത്രിക തള്ളിയതിനെതിരെ  അപ്പീല്‍ നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചു.നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ഥിയായി ആരും പത്രിക നല്‍കാത്തതിനാല്‍ തന്നെ അവരെ പിന്തുണയ്ക്കാനും യുഡിഎഫിന് സാധിക്കില്ല.ഇതോടെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാകും.തൃക്കാക്കര നഗരസഭ  പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ഥി കെ കെ സന്തോഷിന്റെ പത്രികയും തള്ളി. സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നല്‍കിയ പ്രസാദ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും.