ബംഗ്ലാദേശ് കലാപം; ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് പ്രത്യേക ട്രിബ്യൂണല്‍ വിധി

Wait 5 sec.

ധാക്ക | ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ വിധിച്ചു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു.പ്രതിഷേധാക്കാര്‍ക്ക് എതിരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന മാരക ആയുധങ്ങള്‍ ഉപയോഗിച്ചു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പോലീസ് ഐ ജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തത്. കേസില്‍ ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു രണ്ടു പേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടി വിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.