പിഴക്കാം, വഴിയെ പഴിക്കണോ?

Wait 5 sec.

നിങ്ങളെ ശല്യപ്പെടുത്താൻ ആരുമില്ലാത്തപ്പോൾ സമാധാനമായിരിക്കാൻ എളുപ്പമാണ്.’ എന്നത് നമ്മൾ ജീവിതത്തിൽ പലരോടും പറഞ്ഞ, നമ്മോട് തന്നെ പല തവണ പങ്കുവെച്ച ഒരു നർമ വചനമായിരിക്കും. ജീവിത പ്രചോദക പരിശീലകരെപ്പോലെ “നിങ്ങൾക്ക് കഴിയും’ എന്നൊക്കെ ആർത്തുവിളിക്കാനും കിടിലൻ പ്രഖ്യാപനങ്ങൾ നടത്താനും ഒരു പ്രയാസവുമില്ല. പ്രയോഗവത്കരിക്കേണ്ട സന്ദർഭങ്ങളിൽ എടുത്ത പ്രതിജ്ഞകൾ നിറവേറ്റുക എന്നത് അത്ര എളുപ്പമല്ല. ചില ദിവസങ്ങളുണ്ട് – പ്രചോദനത്താൽ തിളച്ചു മറിയുന്ന, ഉള്ളിൽ ഒട്ടേറെ അവബോധങ്ങൾ ഒന്നിച്ചുവന്നു നിറയുന്ന, എന്തു സംഭവിച്ചാലും ഞാനത് ശാന്തതയോടെ, ജ്ഞാനിയായി, ദയയോടെ നേരിടും എന്ന് ദൃഢനിശ്ചയം ചെയ്യുന്ന ദിവസങ്ങൾ.“ഇന്ന് ഞാൻ എന്റെ ഏറ്റവും മികച്ച പതിപ്പായിരിക്കും.’ എന്ന് നാം സ്വയം പറയുമ്പോൾ ഒരു തരിപ്പ് അരിച്ചു കയറും. എന്നിട്ടോ അതിരാവിലെ വീട്ടിൽ നിന്നിറങ്ങി വാഹനത്തിന് കുറുകെ ഒരു കാൽനട യാത്രക്കാരൻ അലക്ഷ്യമായി മുറിച്ചു കടക്കുന്നത് കണ്ടാൽ മതി എല്ലാ കൺട്രോളും ആവിയായിപ്പോകാൻ. ഇത് സംഭവിക്കാത്തവർ വളരെ കുറച്ചായിരിക്കും. ആത്മനിയന്ത്രണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നു, പ്രചോദനാത്മക റീലുകൾ കാണുന്നു, “ഞാൻ വളരെ പോസിറ്റീവാണ്’ എന്ന് ദിവസവും പലരോടും സ്ഥിരീകരണങ്ങൾ നടത്തുന്നു. എന്നാൽ ആ മനോനിയന്ത്രണം ഏറ്റവും ആവശ്യമുള്ള ഒരു സമയത്ത്, ഒരൊറ്റ വികാരത്തള്ളിച്ച കൊണ്ട് നമ്മുടെ മുഴുവൻ യുക്തിയും ചോർന്നുപോകുന്നു.സത്യമെന്തെന്നാൽ, ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയുന്നതും യഥാർഥത്തിൽ അങ്ങനെ തന്നെ പ്രവർത്തിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. നമുക്കെല്ലാവർക്കും ഒരേ മേൽക്കൂരയിൽ ജീവിക്കുന്ന ഒരു ജ്ഞാനിയായ സ്വത്വവും ഒരു വന്യമായ സ്വത്വവുമുണ്ട്. നിയന്ത്രണം വിട്ടേക്കാവുന്ന ഒരു സാഹചര്യത്തിൽ അതിലൊരാൾ, “ശാന്തനാകൂ’ എന്ന് പറയുമ്പോൾ രണ്ടാമൻ, “ഇത് അങ്ങനെ വിട്ടാൽ പറ്റില്ല, നാല് പറഞ്ഞേ പറ്റൂ’ എന്ന് നമ്മെ കുത്തിയിളക്കും. മിക്കവാറും “ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചതാണ്, പക്ഷേ അയാളുടെ പെരുമാറ്റം അങ്ങനെയായിപ്പോയി, പിന്നെ എനിക്കു പിടിച്ചു നിൽക്കാൻ പറ്റിയില്ല’ എന്ന് കാരണവും പറയും. തലച്ചോറിന്റെ വൈകാരിക ഭാഗം യുക്തിസഹമായതിനേക്കാൾ വേഗത്തിൽ പ്രതികരിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. യുക്തി ചെരിപ്പിട്ട് പുറപ്പെടുമ്പോഴേക്കും, വികാരം ഇതിനകം ഒരു പാർട്ടി നടത്തി പിരിഞ്ഞിട്ടുണ്ടാകുമെന്നർഥം.സ്വയം നിയന്ത്രണത്തിന്റെ ആദ്യപടി ഒരു നെഗറ്റീവ് സാഹചര്യത്തെ നോക്കി ചിരിക്കുക എന്നതാണ്. നർമം ഒരു വൈകാരിക പ്രഥമ ശുശ്രൂഷയാണ്. നിങ്ങളുടെ ചിരി, അഹംഭാവത്തെ നിരായുധീകരിക്കും. ഉത്തേജനത്തിനും പ്രതികരണത്തിനും ഇടയിലുള്ള തിരഞ്ഞെടുക്കാനുള്ള നമ്മുടെ ശക്തി നാം ഉപയോഗിക്കണമെന്ന് വിക്ടർ ഫ്രാങ്ക്ൾ. ഒരു താത്കാലിക വിരാമം, ആഴത്തിലുള്ള ഒരു നിശ്വാസം. മറുപടി നൽകുന്നതിന് മുമ്പുള്ള പത്ത് സെക്കൻഡ് കാലതാമസം. ആ ചെറിയ നിമിഷങ്ങൾക്ക് ബന്ധങ്ങളെയും കരിയറുകളെയും മനസ്സമാധാനത്തെയും രക്ഷിക്കാൻ കഴിയും. ചിലപ്പോൾ നിങ്ങൾ ഇതിൽ നിന്ന് വഴുതിവീഴുമ്പോൾ (നിങ്ങൾ വീഴും, തീർച്ച), സ്വയം ശപിക്കരുത് – സ്വയം വിശകലനം ചെയ്യുക.“എന്താണ് എന്നെ പ്രേരിപ്പിച്ചത്?, അടുത്ത തവണ ഇതിൽ നിന്ന് വ്യത്യസ്തമായി എന്തുചെയ്യാം’ എന്ന് സ്വയം ചോദിക്കുക, വളർച്ച പൂർണതയിൽ നിന്നല്ല; പ്രതിഫലനത്തിൽ നിന്നാണ് എന്നോർക്കുക. യഥാർഥ ശക്തി ഭാരം ഉയർത്തുന്നതിലല്ല, മറിച്ച് എല്ലാം തകരുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുന്നതിലാണ്. അതിനാൽ, അടുത്ത തവണ നിങ്ങൾക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ, ഒന്ന് നിർത്തുക, “ഞാൻ ഈ നിമിഷത്തേക്കാൾ വലുതാണ്’ എന്ന് ഉള്ളിൽ പറയുക. ഒന്ന് ദീർഘമായി ശ്വസിക്കുക, പുഞ്ചിരിക്കുക, എന്നിട്ടും നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് നിങ്ങളുടെ പ്രതികരണം പിന്നീട് ഒരു കഥയായി പറയാൻ കഴിയുന്നത്ര രസകരമാണെന്നെങ്കിലും ഉറപ്പാക്കുക.