ബിജെപിയിലേത് ഗുരുതര സാഹചര്യമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി. തിരുവനന്തപുരം നഗരത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട് അതീവ ഗുരുതര സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാകാത്ത തരത്തിലുള്ള അതീവ ഗുരുതര സംഭവങ്ങൾ ആണ് ബിജെപിയുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തിരുമല അനിലിൻ്റെ ആത്മഹത്യ ബിജെപി നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. മരണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് പറഞ്ഞ് കയ്യൊഴിയാനാണ് ബിജെപി അന്ന് ശ്രമിച്ചത്.അനിലിനെ ബിജെപി നിർദാക്ഷണ്യം തള്ളിക്കളഞ്ഞു. വല്ലാത്ത വിഷമത്തിലാണ് അനിലിൻ്റെ കുടുംബമെന്നും അവർ പ്രതികരിക്കുന്നില്ല എന്നേ ഉള്ളു. വീട്ടുകാർക്ക് പരാതിയുണ്ട്. പക്ഷേ ബിജെപി ഫാസിസ്റ്റ് സംഘടന എന്ന നിലയിൽ അവരെയെല്ലാം വിരട്ടുകയാണ്. ആ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് അവർ ഒന്നും മിണ്ടാത്തത്. ഇന്നല്ലെങ്കിൽ നാളെ അവർ കാര്യങ്ങൾ തുറന്നുപറയുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.വിശ്വാസി സമൂഹത്തിന് മുന്നിൽ ബിജെപി ഒറ്റപ്പെടുന്നതാണ് ഇപ്പോൾ കാണുന്നത്. ഏത് പ്രവർത്തകനെയും ബിജെപി തള്ളിപ്പറയും. മണൽ മാഫിയ സംഘങ്ങളാണ് അവരുടെ ഉറ്റ ചങ്ങാതിമാർ. സ്ഥാനാർഥിയായി ബിജെപി തിരുവനന്തപുരത്ത് ഉയർത്തിക്കാട്ടുന്നത് മുൻ ഡിജിപിയെയാണ്. അവരുടെ ചെയ്തികൾ എല്ലാവർക്കും അറിയുന്നതാണ്. നിലവിലുള്ള പ്രവർത്തകരെ നിലംപരിശാക്കുന്നതിന് വേണ്ടി പുതിയൊരു സംഘത്തെ ബിജെപി കൊണ്ടുവന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.ഇതിനോടകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പൊലീസ് അതിവേഗം അന്വേഷണം നടത്തുന്നു. അനന്തുവിൻ്റെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്. പ്രത്യേക സംഘത്തെ വെച്ച് ഈ കേസ് പൊലീസ് അന്വേഷിക്കണം. സമഗ്ര അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് വി ജോയി ആവശ്യപ്പെട്ടു. The post ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ‘ബിജെപിയിലേത് ഗുരുതര സാഹചര്യം’; വി ജോയി appeared first on Kairali News | Kairali News Live.