അബൂദബി|സ്മാർട്ട് മോഡുലാർ വാഹനങ്ങൾക്ക് അബൂദബിയിൽ അംഗീകാരം. പുതിയതും സ്വതന്ത്രവുമായ റോഡ് വാഹന വിഭാഗമായി അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ നഗരമായി അബൂദബി മാറി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് (ഐ ടി സി) ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ സംഘടിപ്പിച്ച അബൂദബി ഓട്ടോണമസ് സിസ്റ്റംസ് വീക്കിന്റെ ഭാഗമായി നടന്ന “ഡ്രിഫ്റ്റ് എക്‌സ് 2025′-ൽ ആയിരുന്നു ഈ പ്രഖ്യാപനം.പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് ബന്ധിപ്പിക്കാനോ വേർതിരിക്കാനോ കഴിയുന്ന വാഹനങ്ങളാണ് മോഡുലാർ. എൻ ഇ എക്‌സ് ടി വികസിപ്പിച്ച ഈ സംവിധാനം ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ന്യൂയോർക്കിലെയും അബൂദബിയിലെയും പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം. യാത്രാക്കാരുടെ എണ്ണത്തെയോ ഉപയോഗ സാഹചര്യത്തെയോ അടിസ്ഥാനമാക്കി യൂണിറ്റുകൾ ബന്ധിപ്പിക്കാനും വേർപെടുത്താനും സാധിക്കുന്നത് ഗതാഗതക്കുരുക്ക് കുറക്കാനും കാർബൺ ബഹിർഗമനം കുറക്കാനും സഹായിക്കും.ഇമാറാത്തി ഡ്രൈവിംഗ് കമ്പനി (ഇ ഡി സി), ലിഫ്റ്റാങ്കോ, പാരഡിഗ്മ ഇന്നൊവേഷൻ ഹബ് എന്നിവയുമായി സഹകരിച്ച് യാസ് ദ്വീപിൽ ഈ മൾട്ടി-യൂണിറ്റ് മോഡുലാർ സ്മാർട്ട് വാഹനങ്ങളുടെ ലോകത്തിലെ ആദ്യത്തെ പൈലറ്റ് പ്രവർത്തനം നടത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഗഫീലി പറഞ്ഞു.