ഗ്രീന്‍ലന്‍ഡ് വിട്ടുകിട്ടണം; നോബേല്‍ തരാത്തതിനാല്‍ സമാധാനത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യം തനിക്കില്ലെന്നും ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍ |  ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ കരാറിലെത്താത്തപക്ഷം എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും ട്രംപ് വ്യക്തമാക്കി. സമാധാനത്തിനുള്ള നോബേല്‍ സമ്മാനം തനിക്ക് നല്‍കാത്തതിനാല്‍ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി യോനാസ് ഗാര്‍ ടൂറെയെക്ക് അയച്ച കത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. എട്ടിലധികം യുദ്ധങ്ങള്‍ ഇല്ലാതാക്കിയ തനിക്ക് സമാധാന പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍ സമാധാനത്തെ കുറിച്ച് ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്നും കത്തില്‍ പറയുന്നു.അമേരിക്കക്ക് എന്താണോ വേണ്ടത് അതിനേക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.ആ ഭൂപ്രദേശത്തെ ഡെന്‍മാര്‍ക്കിന് സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതേ സമയം ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വിധേയരാകില്ലെന്ന് ഗ്രിന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി. ഗ്രീന്‍ലണ്ടിന്റെ ഭാവി ഗ്രീന്‍ലന്‍ഡിലെ ജനതയുടെയും ഡെന്മാര്‍ക്കിന്റെയും മാത്രമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെര്‍ പറഞ്ഞു. ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്താനുള്ള യുഎസ് നീക്കത്തെ എതിര്‍ത്ത ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെ ഏട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപ് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കില്‍ തീരുവ 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.