രണ്ടാം ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Wait 5 sec.

കൊച്ചി |  രണ്ടാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിനിടെ എസ്ഐടിക്ക് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടു. പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. മനസര്‍പ്പിക്കാതെയാണ് സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹരജിയിലുണ്ട്. അതേസമയം മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.