ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Wait 5 sec.

തിരുവനന്തപുരം |  രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന സമ്മേളനം എന്നിരിക്കെ തിരഞ്ഞെടുപ്പിന് മുന്‍പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മുന്നോട്ടുവെയ്ക്കാനുള്ള വേദിയായി ഇത് മാറും. സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും.22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടേക്കും