കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയുമായും മന്ത്രി റോഷി അഗസ്റ്റിനുമായും സംസാരിച്ചിട്ടുണ്ടെന്നും, എല്‍ഡിഎഫ് വിട്ടുപോകേണ്ട ആവശ്യം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ലെന്നാണ് ഇരുവരും വ്യക്തമാക്കിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് സ്വന്തം രാഷ്ട്രീയ വഴിയറിയാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെയാകും ഭരണം എന്ന ജോസ് കെ മാണിയുടെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫിന്റെ ഗൃഹസന്ദര്‍ശന പരിപാടിയെ കുറിച്ചും ബിനോയ് വിശ്വം വിശദീകരിച്ചു. സര്‍ക്കാരിനെ കുറിച്ച് എത്ര നല്ല കാര്യങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ക്കിടയില്‍ ചില വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ എന്താണെന്ന് മനസ്സിലാക്കി പരിഹരിക്കണമെന്നതാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും നേരിട്ട് എത്തി ജനങ്ങളെ കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ ഇടതുപക്ഷത്തിന് ഗുണം ലഭിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യാതൊരു മുന്‍വിധിയും ഇല്ലാതെയാണ് ഈ പരിപാടി നടപ്പാക്കുന്നതെന്നും, ജനങ്ങള്‍ എല്‍ഡിഎഫിനെ ഇപ്പോഴും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തില്‍ ചില വിശ്വാസ മനസുകള്‍ക്ക് വേദനയുണ്ടായെന്ന അഭിപ്രായം ജനങ്ങളില്‍ നിന്നുയരുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. വിശ്വാസികളെ മതിയായ രീതിയില്‍ പരിഗണിച്ചോയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നതെന്നും, അതിന് വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകളും വിശ്വാസികളുടെ ശത്രുക്കളല്ലെന്നും, വിശ്വാസത്തെ മാനിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസം ഒരു യാഥാര്‍ഥ്യമാണെന്നും, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണെന്നും വ്യക്തമാക്കി. എന്നാല്‍ മതഭ്രാന്ത് അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.The post സർക്കാരിനെപ്പറ്റി എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട് അത് എന്തെന്ന് അറിയണം, തീർക്കണം: ബിനോയ് വിശ്വം appeared first on ഇവാർത്ത | Evartha.