തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക പിണറായി വിജയന്‍ തന്നെ; എം എ ബേബി

Wait 5 sec.

തിരുവനന്തപുരം|നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നതും ടീമിന്റെ നേതാവും പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം എ ബേബി. വിജയം ഉണ്ടായാല്‍ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി വ്യക്തമാക്കി. .യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളിപ്പോയി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയ അവകാശവാദങ്ങള്‍ ജോസ് കെ മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു.തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും ബേബി പരിഹസിച്ചു.അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എം എ ബേബി പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.