കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയ ലഹരിവിൽപ്പനക്കാരൻ പൊലീസ് പിടിയിലായി. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ പുതിയകടവ് സ്വദേശിയായ റാഫി (40) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.രാവിലെ ബീച്ചിലൂടെ നടക്കാനിറങ്ങിയവരാണ് ഒരാൾ മണലിൽ പായ വിരിച്ചു മൂടിപ്പുതച്ചു കിടക്കുന്നത് കണ്ടത്. ഇയാൾക്കടുത്തുണ്ടായിരുന്ന ഹെൽമറ്റിന് സമീപം പേപ്പറിൽ എന്തോ വസ്തുക്കൾ നിരത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർക്ക് സംശയമായി. പരിശോധിച്ചപ്പോൾ ഇത് കഞ്ചാവാണെന്ന് മനസിലാവുകയും ഉടൻ തന്നെ വെള്ളയിൽ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോൾ മാത്രമാണ് പ്രതി നേരം വെളുത്ത വിവരം അറിഞ്ഞത്. കണ്ണുതുറന്നപ്പോൾ മുന്നിൽ പൊലീസിനെ കണ്ടതോടെ റാഫി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കർണാടകയിൽനിന്ന് എത്തിച്ച 370 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. പൊതിഞ്ഞുവെച്ചാൽ കഞ്ചാവ് കേടായിപ്പോകുമെന്ന് കരുതിയാണ് ഉറങ്ങുന്നതിന് മുൻപ് പേപ്പറിൽ നിരത്തിയിട്ടതെന്ന് റാഫി പൊലീസിനോട് സമ്മതിച്ചു.രാവിലെ എഴുന്നേറ്റ് ആവശ്യക്കാർക്ക് വിതരണം ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ ലഹരി ഉപയോഗിച്ചതിന്‍റെ ആധിക്യത്താൽ ഉറക്കം നീണ്ടുപോവുകയായിരുന്നു. പ്രതി മുൻപും മയക്കുമരുന്ന് വിൽപ്പനക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.The post കഞ്ചാവ് ഉണക്കാനിട്ട് കിടന്നപ്പോൾ ഉറങ്ങിപ്പോയി; കോഴിക്കോട് ബീച്ചിൽ ലഹരിവിൽപ്പനക്കാരൻ പിടിയിൽ appeared first on ഇവാർത്ത | Evartha.