കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ‘വർക്ക് നിയർ ഹോം’പദ്ധതി സംസ്ഥാനത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയുടെ നാഴികക്കല്ലാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കരയിൽ നിർമ്മിച്ച ആദ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി ഉൾപ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്തുള്ള ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഈ പദ്ധതിയിലൂടെ ലഭ്യമാകും. വരും വർഷങ്ങളിൽ കേരളത്തിലുടനീളം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ച് ഏകദേശം അഞ്ച് ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ : ശബരിമല സ്വർണ്ണ മോഷണം: വി.എസ്.എസ്.സി റിപ്പോർട്ട് കോടതിയിൽകെ-ഡിസ്കിന്റെ (K-DISC) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഐ.ടി വികസനം വികേന്ദ്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൻകിട നഗരങ്ങളിലെ താമസച്ചെലവും യാത്രാക്ലേശവും മൂലം ബുദ്ധിമുട്ടുന്ന പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഇത് സഹായിക്കും. ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന ഈ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള തുറുപ്പുചീട്ടായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊട്ടാരക്കരയിലെ കേന്ദ്രം ജനുവരി 19-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചുThe post ഇനി ജോലി വീടിനടുത്ത്; വർക്ക് നിയർ ഹോം’പദ്ധതിയുടെ ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.