കീർത്തിചക്ര എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ ജീവ. സിനിമയുടെ അവസാന ഭാഗങ്ങൾ കേരളത്തിലാണ് ചിത്രീകരിച്ചത്. ആ രംഗങ്ങൾ ഒറ്റ ടേക്കിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്നും, അതിന് ശേഷം മോഹൻലാൽ തന്നെ അഭിനന്ദിച്ചുവെന്നും നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീവ.ജീവയുടെ വാക്കുകൾ:കീർത്തിചക്രയുടെ അവസാന രംഗങ്ങളിൽ എന്റെ കഥാപാത്രം മരണപ്പെടും. ആ രംഗങ്ങൾ കാരണമാണ് ചിത്രം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. ഈ കഥ കേൾക്കുമ്പോൾ ഞാൻ കരഞ്ഞുപോയി. ഈ കഥയും കഥാപാത്രവും നല്ല രീതിയിൽ അവതരിപ്പിക്കാനാകുമെന്ന് മേജർ രവി സാറിനും ഒരു വിശ്വാസം ഉണ്ടായി. ആ രംഗങ്ങൾ പാലക്കാടാണ് ചിത്രീകരിച്ചത്. ഒറ്റ ടേക്കിലാണ് ക്ലൈമാക്സ് ഞാൻ ചെയ്തത്. ലാലേട്ടൻ എന്നെ അഭിനന്ദിക്കുകയും ചെയ്തു. "ഇതുവരെയുള്ള രംഗങ്ങൾ നല്ല രീതിയിൽ ചെയ്തോ ഇല്ലയോ എന്ന് അറിയില്ല, എന്നാൽ ഈ രംഗം ഗംഭീരമാക്കി" എന്ന് അദ്ദേഹം പറഞ്ഞു. സിനിമ റിലീസ് ചെയ്ത ശേഷം അദ്ദേഹം എന്നെ വിളിച്ച്, "ജീവ, നിങ്ങൾക്ക് നല്ല പ്രശംസ ലഭിക്കുന്നുണ്ട്" എന്ന് പറഞ്ഞു.ഈ വേളയിൽ ലാലേട്ടനോട് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. മറ്റൊരു സൂപ്പർതാരവും സഹതാരത്തിന് ഇത്രത്തോളം പെർഫോം ചെയ്യാനുള്ള സ്‌പേസ് നൽകില്ല. മറ്റാരായാലും അങ്ങനെ ചെയ്യില്ല. സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ജയ് എന്ന കഥാപാത്രം എല്ലാവരുടെയും മനസ്സിൽ നിൽക്കും.