സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടി തുടരുന്നു.അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് സൗകര്യം ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം.കൂടാതെ, ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.ഇത് അന്തസ്സിനും വിശ്വസ്തതയ്ക്കും നിരക്കാത്ത വലിയ കുറ്റമായാണ് കണക്കാക്കുന്നത്.2026 ജനുവരി 8 മുതൽ ജനുവരി 14 വരെയുള്ള (ഹിജ്റ 1447 രജബ് 19 മുതൽ 25 വരെ) ഒരാഴ്ച കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനയിൽ 18,054 നിയമലംഘകരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.പിടികൂടിയവരിൽ 11,343 പേർ താമസ നിയമം (ഇഖാമ) ലംഘിച്ചവരും, 3,858 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 2,853 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,491 പേരെയും പിടികൂടി.ഇവരിൽ 59% പേർ എത്യോപ്യക്കാരും 40% പേർ യമനികളുമാണ്. കൂടാതെ, അതിർത്തി കടന്ന് നിയമവിരുദ്ധമായി പുറത്തേക്ക് പോകാൻ ശ്രമിച്ച 18 പേരും പിടിയിലായിട്ടുണ്ട്.നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതസൗകര്യമോ ജോലിയോ നൽകി സഹായിച്ച 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.നിലവിൽ 27,518 നിയമലംഘകർക്കെതിരെ (25,552 പുരുഷന്മാരും 1,966 സ്ത്രീകളും) നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിൽ 19,835 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് അയച്ചു.3,936 പേർക്ക് യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള നിർദ്ദേശം നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം നിയമനടപടികൾ പൂർത്തിയാക്കി 14,621 പേരെയാണ് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയത്.നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.The post നിയമലംഘകർക്ക് സഹായം നൽകിയാൽ 15 വർഷം തടവ്; സൗദിയിൽ പരിശോധന ശക്തം appeared first on Arabian Malayali.