കാസര്‍കോട് | കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്തില്‍ സംഘര്‍ഷം. പ്രകോപിതരായ യുവജന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിലെ ക്യാമറകളും കൗണ്ടറും കമ്പ്യൂട്ടറും ഗേറ്റും അടിച്ചുതകര്‍ത്തു. വാഹനങ്ങള്‍ തടയുന്ന ടോള്‍ ബൂത്തിലെ ഹാന്‍ഡിലുകള്‍ അക്രമത്തില്‍ തകര്‍ന്നു. പ്രവര്‍ത്തകര്‍ സ്‌കാനറുകളില്‍ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ചു.അന്യായമായ ടോള്‍ പിരിവിനെതിരെ എ കെ എം അശ്റഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനകളും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പ്രകടനമായി എത്തിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉടലെടുത്തത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ടോള്‍ ബൂത്ത് പരിസരത്തേക്ക് ഇരച്ചെത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി എ കെ എം അശ്റഫ് എം എല്‍ എ ആരോപിച്ചു. സമരം ഇന്നലെ താത്ക്കാലികമായി അവസാനിപ്പിച്ചു. സമരം തുടരുമെന്ന് എം എല്‍ എ പറഞ്ഞു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമര സമിതി ഇന്ന് യോഗം ചേരും.