കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് പൂർണ്ണ വിജയമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുത്തു. മികച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ സഹകരണവും നിയമസഭാ ജീവനക്കാരുടെ സംഘാടനവും പുസ്തകോത്സവത്തെ വേറിട്ട അനുഭവമാക്കി.‘കെ.എൽ.ഐ.ബി.എഫ് ടോക്‌സ്’, ‘കെ.എൽ.ഐ.ബി.എഫ് ഡയലോഗ്‌സ്’, ‘മീറ്റ് ദി ഓതർ’, ‘സ്റ്റുഡന്റ്‌സ് കോർണർ’, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനം തുടങ്ങിയ വിവിധ സെഗ്മെന്റുകളിലായി ആകെ 407 പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റററി ഇവന്റ്‌സിൽ ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരായവർ ഉൾപ്പെടെ 173 അതിഥികൾ പങ്കെടുത്തു. 170 പ്രസാധകർക്കായി 282 പുസ്തക സ്റ്റാളുകൾ ഒരുക്കിയിരുന്നു. പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ സങ്കേതിക വിദ്യകളും മാത്രം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പുസ്തകോത്സവത്തിന്റെ പ്രചരണ പരിപാടികൾ നിർവ്വഹിച്ചത്.നിയമസഭാ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ തെയ്യത്തറയിൽ അഞ്ചു ദിവസങ്ങളിലായി ഏഴ് തെയ്യങ്ങൾ അവതരിപ്പിച്ചത് പുസ്തകോത്സവത്തിന്റെ മികച്ച ആകർഷണമായി. ഉത്തരകേരളത്തിൽ മാത്രം പരിചിതമായ അനുഷ്ഠാനകലയായ തെയ്യം കാണുന്നതിനും അറിയുന്നതിനും വിദേശികളുൾപ്പെടെ ആയിരക്കണക്കിനാളുകൾ ഓരോ ദിവസവും എത്തിച്ചേർന്നു. മലയാള സിനിമാ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ശ്രീനിവാസന്റെ സ്മരണയ്ക്കായി ‘ശ്രീനി കഥപറയുമ്പോൾ’ പ്രത്യേക വേദിയും ശ്രദ്ധേയമായി. കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്രത്യേക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാളുമുണ്ടായിരുന്നു. നാടൻ ഭക്ഷണരുചികൾ ഉൾപ്പടെയൊരുക്കി 16 ഫുഡ് കോർട്ടുകളുമുണ്ടായിരുന്നു.ഇത്തവണയും പ്രത്യേകമായി ഒരുക്കിയിരുന്ന സ്റ്റുഡന്റ്സ് കോർണർ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആകർഷിക്കുകയും ഒട്ടേറെ വിദ്യാർത്ഥി പ്രതിഭകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളും അതിൽ പങ്കാളികളായി. സിറ്റി റൈഡ് ഉൾപ്പെടെയുള്ള പരിപാടികൾ നഗരത്തിലും പുറത്തുമുള്ള ഒട്ടേറ സ്‌കൂളുകൾ പ്രയോജനപ്പെടുത്തി. ഏഴു ദിവസങ്ങളിലായി പത്ത് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാഷോ വലിയ തോതിൽ കലാസ്വാദകരെ ആകർഷിച്ചു. സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ രംഗത്തെ ഒട്ടേറെ പ്രമുഖർ നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായതായും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.