മക്ക | പുണ്യനഗരിയായ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനായി അത്യാധുനിക സ്മാര്‍ട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനം നിലവില്‍ വന്നു. നിര്‍മിത ബുദ്ധി (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് കൗണ്ടിംഗ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന സവിശേഷത.ഹറം പള്ളിയുടെ പ്രവേശന കവാടങ്ങള്‍, ഇടനാഴികള്‍, വിവിധ നിലകള്‍, മുറ്റങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക സെന്‍സറുകളും സ്മാര്‍ട്ട് ക്യാമറകളും വഴി തീര്‍Lാടകരുടെ ഒഴുക്ക് തത്സമയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കും.തിരക്ക് ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ ഉടനടി ഇടപെടാനും തീര്‍ഥാടകരെ തിരക്ക് കുറഞ്ഞ സുരക്ഷിത പാതകളിലേക്ക് വഴിതിരിച്ചുവിടാനും അധികൃതര്‍ക്ക് ഈ സാങ്കേതികവിദ്യ സഹായകമാകും. അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും, ആള്‍ക്കൂട്ടത്തിനിടയില്‍ കാണാതാകുന്നവരെ വേഗത്തില്‍ കണ്ടെത്താനും പുതിയ സംവിധാനം ഉപകാരപ്പെടും. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായ ദര്‍ശനാനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഊദി ഭരണകൂടം ഈ ഡിജിറ്റല്‍ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്.