സൗദി അറേബ്യയിലെ റോഡുകളിൽ നിയമലംഘനം നടത്തുന്ന ട്രാൻസ്‌പോർട്ട് വാഹനങ്ങളെയും അനധികൃത ടാക്സികളെയും പിടികൂടാൻ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പരിശോധന കർശനമാക്കി.ഗതാഗത മേഖലയിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഈ പരിശോധനയിൽ ലൈസൻസില്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങളെയും ഗതാഗത നിയമങ്ങൾ പാലിക്കാത്ത ചരക്ക് നീക്കങ്ങളെയുമാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.വിമാനത്താവളങ്ങൾ, പ്രധാന റോഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് അതോറിറ്റിയുടെ പ്രത്യേക നിരീക്ഷണ സംഘം പരിശോധന നടത്തുന്നത്.നിയമലംഘനം നടത്തുന്നതായി കണ്ടെത്തുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.കുറ്റത്തിന്റെ ഗൗരവമനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്നതിനൊപ്പം അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്യും.വിദേശ പൗരന്മാരാണെങ്കിൽ, കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം അവരെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തുന്നതുൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.അംഗീകൃത ടാക്സി സർവീസുകളെയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും മാത്രം ഉപയോഗിക്കാൻ യാത്രക്കാരോട് അധികൃതർ നിർദ്ദേശിച്ചു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നിയമവിധേയമായ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.The post സൗദിയിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി സ്വകാര്യ വാഹനങ്ങളും, ടാക്‌സികളും പിടിച്ചെടുത്തു appeared first on Arabian Malayali.