കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ ഹബ് – ആധുനിക ഇൻകുബേഷൻ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വിവിധ തരത്തിലുള്ള സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഹബ്ബിൽ 1,200-ലധികം പേർക്കുള്ള ഇരിപ്പിട സൗകര്യവുമുണ്ട്.ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്റർനെറ്റ് സൗകര്യം, ക്ലൗഡ് ക്രെഡിറ്റുകൾ, മെന്റർഷിപ്പ് പരിപാടികൾ, സ്റ്റാർട്ടപ്പ് സ്ഥാപകരുമായുള്ള നെറ്റ്വർക്കിംഗ് അവസരങ്ങൾ, കൂടാതെ പ്രമുഖ ദേശീയ-അന്താരാഷ്ട്ര പരിപാടികളിലേക്കുള്ള പ്രവേശനം എന്നിവ ലഭ്യമാകും.സെൻസർ സാങ്കേതികവിദ്യയിൽ കേരളത്തിന് പുതിയ മുന്നേറ്റം ഒരുക്കുന്നതിനുള്ള സെന്റർ ഓഫ് ഐ ഒ ടി സെൻസർ ഇന്നൊവേഷനും ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തൃശ്ശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി (C-MET), എന്നിവിടങ്ങളിലെ സെൻസർ ഗവേഷണം, വികസനം, ആപ്ലിക്കേഷൻ തലത്തിലുള്ള പരിശീലനം എന്നിവയ്ക്കുള്ള സൗകര്യവും സെൻസർ ഇന്നൊവേഷൻ സെന്ററിലുണ്ട്.ഡിജിറ്റൽ ഹബ്ബിൽ ഓഫീസ് സൗകര്യം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി startups.startupmission.in/application/incubation സന്ദർശിക്കുക.