മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍.പാര്‍ട്ടി നിയോജക മണ്ഡലം നേതൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം ഈ പ്രഖ്യാപനം നടത്തി. ഭവനപദ്ധതിയുടെ ആദ്യഘട്ടം നിര്‍വഹണത്തിന് പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് വന്യജീവി ശല്യമല്ല. സിപിഐഎമ്മിന്റെ ശല്യമാണ്. പദ്ധതി കോണ്‍ഗ്രസ് നടപ്പാക്കരുതെന്ന് സിപിഐഎമ്മിന്റെ ആഗ്രഹമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ഭവനനിര്‍മ്മാണം നടത്തേണ്ട ഭൂമിയെ കാട്ടാനത്തോട്ടമെന്നാണ് സിപിഐഎം വിശേഷിപ്പിക്കുന്നത്. ഇത് പരിഹാസ്യമാണ്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനിടെ സിപിഐഎം സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സിപിഐഎമ്മും കാട്ടണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ദുരന്തമുണ്ടായപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കിയല്ല ജനം സഹായമെത്തിച്ചത്, എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമെന്ന് ഷാഫി പറമ്പില്‍ ഉറപ്പ് നല്‍കി.ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്നതായും, കര്‍ണാടക ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാറുകളും ഇതില്‍ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഷാഫി പറമ്പില്‍ സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനവും നടത്തുകയും ചെയ്തു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. അതുപോലെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സിപിഐഎം നേതൃത്വം ഉത്തരവാദിത്വം കാണിക്കുന്നില്ല.സൊസൈറ്റി ഭാരവാഹികളായ സിപിഐഎം നേതാക്കള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ കോടിക്കണക്കിന് രൂപ തിരികെ നല്‍കുന്നതില്‍ പാര്‍ട്ടി ഉത്തരവാദിത്വം കാട്ടുന്നില്ല. പണം നഷ്ടപ്പെട്ടവര്‍ക്കായുള്ള നീതിപൂര്‍വ്വമായ നടപടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അതിലൂടെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.The post കോൺഗ്രസിന്റെ ഭവനപദ്ധതിയുടെ ആദ്യഘട്ട നിര്വഹണത്തിന് വാങ്ങിയ സ്ഥലത്ത് വന്യജീവി ശല്യമല്ല, സിപിഐഎമ്മിന്റെ ശല്യമാണ്: ഷാഫി പറമ്പിൽ appeared first on ഇവാർത്ത | Evartha.