ഏകീകൃത ജി സി സി വിസ;ഗൾഫ് ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും

Wait 5 sec.

ദുബൈ | ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങൾക്കിടയിൽ പ്രഖ്യാപിച്ച ഏകീകൃത വിസ സംവിധാനം മേഖലയിലെ ടൂറിസം, സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തൽ. യു എ ഇ, സൗദി അറേബ്യ, ഖത്വർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ ആറ് രാജ്യങ്ങളിലേക്കും സന്ദർശകർക്ക് ഇനി ഒരൊറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. യൂറോപ്പിലെ ഷെഞ്ചൻ വിസ മാതൃകയിലാണ് ഇത് നടപ്പിലാക്കുന്നത്.വിനോദസഞ്ചാരികൾക്ക് ഓരോ രാജ്യത്തിനും പ്രത്യേകം വിസ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകും. ഇത് കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ഗൾഫിലേക്ക് ആകർഷിക്കാൻ സഹായിക്കും. ടൂറിസം മേഖലയിലൂടെയുള്ള വരുമാനം വർധിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകൾക്കും വിമാനക്കമ്പനികൾക്കും ഹോട്ടൽ വ്യവസായത്തിനും ഇത് വലിയ ഗുണമാകും.ഒരൊറ്റ എൻട്രി പോയിന്റിലൂടെ ജി സി സി രാജ്യങ്ങളിലുടനീളം സഞ്ചരിക്കാൻ സാധിക്കുന്നത് വിദേശ നിക്ഷേപകർക്കും ബിസിനസ് യാത്രക്കാർക്കും ഏറെ ഉപകരിക്കും. കുടിയേറ്റം, സുരക്ഷാ പരിശോധനകൾ എന്നിവക്കായി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ആറ് രാജ്യങ്ങളും സംയുക്തമായി ഉപയോഗിക്കും. ഇത് അതിർത്തി കടന്നുള്ള ഗതാഗതം സുരക്ഷിതമാക്കും.ജി സി സി രാജ്യങ്ങൾ തങ്ങളുടെ സമ്പദ്്വ്യവസ്ഥയെ എണ്ണ ഇതര വരുമാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. “ജി സി സി ടൂറിസം സ്ട്രാറ്റജി 2030′ പ്രകാരം മേഖലയിലെ വിനോദസഞ്ചാര വരുമാനം ഗണ്യമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ വിസ നടപടികൾ പൂർണമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.