യു എ ഇ കൂടുതൽ നെസ്ലെ ഇൻഫന്റ് ഫോർമുല പിൻവലിക്കുന്നു

Wait 5 sec.

അബൂദബി| നെസ്ലെ യുടെ ചില പ്രത്യേക ഇൻഫന്റ് ഫോർമുല ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്ന നടപടി യു എ ഇ ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു. ഉത്പന്നങ്ങളിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാമെന്ന മുൻകരുതലിന്റെ ഭാഗമായാണ് നടപടി. നേരത്തെ ചില ബാച്ചുകൾ മാത്രം പിൻവലിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കൂടുതൽ ഉത്പന്നങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചില പാൽ ഉത്പന്നങ്ങളിൽ ക്രോണോബാക്റ്റർ സകാസാക്കി എന്ന ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനാലാണ് നടപടി സ്വീകരിച്ചത്. ഇത് ശിശുക്കളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. നെസ്്ലെയുടെ പ്രത്യേക ബാച്ച് നമ്പറുകളിലുള്ള അൽഫാരെ, അൽഫാമിനോ എന്നീ ഫോർമുലകളാണ് പ്രധാനമായും പിൻവലിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത സമാനമായ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് യു എ ഇയിലും നടപടി കർശനമാക്കിയത്.വീട്ടിൽ ഇത്തരം ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ അവ കുട്ടികൾക്ക് നൽകുന്നത് ഉടൻ നിർത്തണമെന്നും വാങ്ങിയ സ്ഥലത്ത് തിരികെ നൽകണമെന്നും അധികൃതർ അറിയിച്ചു. കുട്ടിക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. വിപണികളിൽ പരിശോധന കർശനമാക്കിയതായും ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതായും അധികൃതർ വ്യക്തമാക്കി.