നീതിപീഠത്തിനു മുമ്പിലെ രോഗനാടകങ്ങള്‍

Wait 5 sec.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശമാണ് അന്വേഷണ ഏജന്‍സിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. ‘കേസില്‍ പ്രതിചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണ് ശങ്കരദാസ്. ഇയാളുടെ മകന്‍ എസ് പി ആയതിനാലാണോ അറസ്റ്റ് ചെയ്യാത്തത്? പ്രതിക്ക് സ്വര്‍ണക്കസേര ഇട്ടുകൊടുക്കുകയാണോ?’- കോടതി ചോദിച്ചു. എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനോട് കോടതിക്ക് യോജിക്കാനാകില്ലെന്നും ജസ്റ്റിസ് എ ബദ്റുദ്ദീന്‍ പറഞ്ഞു. ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ കൊച്ചി സിറ്റി ഡി ഐ ജിയാണിപ്പോള്‍. ഇതാണ് അറസ്റ്റ് നടപടിയില്‍ നിന്ന് അന്വേഷണ ഏജന്‍സിയെ പിന്തിരിപ്പിക്കുന്നതെന്നാണ് കോടതിയുടെ സന്ദേഹം. സ്വര്‍ണമോഷണക്കേസില്‍ ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കരദാസിന് ഉത്തരവാദിത്വമുണ്ടെന്ന് നേരത്തേ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.പ്രതിചേര്‍ത്തതിനു പിന്നാലെയാണ് ശങ്കരദാസ് പക്ഷാഘാതത്തിന് ചികിത്സ തേടി ആശുപത്രിയെ സമീപിച്ചത്. അതേസമയം ശങ്കരദാസ് യഥാര്‍ഥത്തില്‍ രോഗബാധിതനാണോ അതോ അഭിനയമാണോ എന്നറിയാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമാണ് പോലീസ് ഭാഷ്യം. എങ്കിലും കോടതി ചൂണ്ടിക്കാട്ടിയതു പോലെ ആശുപത്രിയില്‍ കിടക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നതിനോ അവിടെ പോലീസിന്റെ സുരക്ഷാ വലയത്തില്‍ നിര്‍ത്തുന്നതിനോ നിയമപരമായി തടസ്സമില്ലെന്നിരിക്കെ പോലീസ് കാണിക്കുന്ന അമിതമര്യാദ സംശയാസ്പദമാണ്.ശങ്കരദാസിന്റെ കാര്യത്തില്‍ സത്യാവസ്ഥ എന്തായാലും കുറ്റവാളിയുടെ നേരെ നിയമത്തിന്റെ കൈകള്‍ നീളുമ്പോള്‍ പെട്ടെന്ന് രോഗം പിടിപെടുകയോ രോഗം കൂടുകയോ ചെയ്യുന്നത് പരിചിത കാഴ്ചയാണ്. 25 പേരുടെ മരണത്തിനിടയായ ഗോവയിലെ നിശാക്ലബ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ക്ലബിന്റെ സഹഉടമ അജയ്ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍, രോഗത്തിന്റെ പേരില്‍ ആശുപത്രിയില്‍ അഡ്മിറ്റ് നേടുകയായിരുന്നു പ്രതി. നട്ടെല്ലിന് പ്രശ്നമുണ്ടെന്നു പറഞ്ഞാണ് ഡല്‍ഹി ലജ്പത് നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ ആന്‍ഡ് സ്പെയിനില്‍ എത്തിയത്. ഇത് വ്യാജമാണെന്നും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും മനസ്സിലാക്കിയ ഗോവ പോലീസ് ആശുപത്രിയില്‍ നിന്ന് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിറാജ് തിരുവനന്തപുരം ബ്യൂറോ യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമന്‍ പയറ്റിയതും ഇതേ തന്ത്രമായിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അയാള്‍ പ്രവേശനം തരപ്പെടുത്തിയത്.ചോദ്യം ചെയ്യലോ അറസ്റ്റോ അടുത്താല്‍ ആശുപത്രിവാസം ആരംഭിക്കുന്ന ‘അസുഖപരമ്പര’ അന്വേഷണത്തെ അട്ടിമറിക്കാനും അറസ്റ്റില്‍ നിന്നൊഴിവാകാനുമുള്ള സ്ഥിരം തന്ത്രമായി മാറിയിരിക്കുന്നു. ഇതിനെതിരെ കോടതികള്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ അയഞ്ഞ സമീപനം ഈ പ്രവണതക്ക് വളമാകുകയാണ്. ഒരു സാധാരണക്കാരന്‍ കുറ്റാരോപിതനാകുമ്പോള്‍, അയാളുടെ രോഗം അവഗണിച്ച് കസ്റ്റഡിയിലെടുക്കുകയും ജയിലിലടക്കുകയും ചെയ്യാറുണ്ട് പോലീസ്. ഉന്നത സ്ഥാനത്തിരിക്കുന്നവരോ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരോ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ ആശുപത്രി അവരുടെ സുരക്ഷിത വീടായി മാറുകയും ചെയ്യുന്നു. ചോദ്യം ചെയ്യലിന് നോട്ടീസ് വന്നാല്‍ ആശുപത്രിയില്‍ പ്രവേശനം. അറസ്റ്റിനുള്ള നീക്കമായാല്‍ ഐ സി യുവില്‍. കസ്റ്റഡി ആവശ്യപ്പെട്ടാല്‍ രോഗം ഗുരുതരം. ഈ പ്രവണത പലപ്പോഴും കോടതികള്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്.രോഗം സാധാരണമാണ്. രോഗിബാധിതരെ ആശുപത്രികള്‍ ചികിത്സിക്കുക തന്നെ വേണം. അതേസമയം രോഗം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കവചമായി മാറുമ്പോള്‍ അത് സമൂഹത്തോടുള്ള വഞ്ചനയായി മാറുന്നു. ആശുപത്രിയില്‍ കിടക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്നത് നിയമത്തിനു മുമ്പിലെ സമത്വമെന്ന അടിസ്ഥാന തത്ത്വത്തെ തന്നെ ചോദ്യം ചെയ്യലാണ്. ആശുപത്രികള്‍ രോഗചികിത്സക്കുള്ള ഇടമാണ്. നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒളിത്താവളങ്ങളല്ല. ആരോഗ്യം സംരക്ഷിക്കപ്പെടണം. അതിന്റെ മറവില്‍ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കരുത്. ശങ്കരദാസിന്റെ കാര്യത്തില്‍ ഹൈക്കോടതി നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ ഈ പ്രവണതയുടെ ആഴം വ്യക്തമാക്കുന്നു. നിയമം അതിന്റെ വഴിക്കു നീങ്ങുമ്പോള്‍ അത് തടയാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെ കവചമാക്കുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.ആശുപത്രികള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ ധാര്‍മികമായ ചില ഉത്തരവാദിത്വങ്ങള്‍. രോഗിയെ ചികിത്സിക്കേണ്ടത് ഡോക്ടര്‍മാരുടെ ബാധ്യതയാണെങ്കിലും കുറ്റവാളികള്‍ക്ക് നിയമത്തില്‍ നിന്ന് ഒളിച്ചോടാന്‍ വ്യാജ റിപോര്‍ട്ടുകള്‍ നല്‍കുന്നത് വൈദ്യശാസ്ത്ര ധര്‍മത്തിന് നിരക്കുന്നതല്ല. രോഗികള്‍ക്ക് സുഖപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും അന്വേഷണ ഏജന്‍സികളെ അകറ്റിനിര്‍ത്താനും നീതി അട്ടിമറിക്കാനും ആശുപത്രികള്‍ സഹായിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാന്‍ ഇടയാക്കുകയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത്തരം കേസുകളില്‍ സ്വകാര്യ ആശുപത്രി റിപോര്‍ട്ടുകളെ മാത്രം ആശ്രയിക്കാതെ, സര്‍ക്കാര്‍ നിയോഗിക്കുന്ന സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന നിര്‍ബന്ധമാക്കേണ്ടതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.