‘പച്ച’ പുതയ്ക്കുന്ന കോര്‍പറേറ്റ് നുണകള്‍

Wait 5 sec.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശി നേരിടുന്ന അസ്തിത്വ പ്രതിസന്ധിയാണെന്ന തിരിച്ചറിവ് ഇന്ന് വ്യാപകമാണ്. ഈ പരിസ്ഥിതി ജാഗ്രതയെ വിപണന തന്ത്രമാക്കി മാറ്റുന്ന കോര്‍പറേറ്റ് രീതിയാണ് ‘ഗ്രീന്‍വാഷിംഗ്’. ലോക കമ്പനികള്‍ പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യുന്നില്ലെന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് നിലനില്‍ക്കുന്നതെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ ആഗോളതലത്തില്‍ ഒരു സമാന്തര വിപണിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 1986ല്‍ ഹോട്ടല്‍ വ്യവസായത്തിലെ കാപട്യങ്ങളെ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജെ വെസ്റ്റര്‍വെല്‍ഡാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്. ഇന്നത് ലോക സാമ്പത്തിക ക്രമത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ പരിസ്ഥിതി സ്നേഹത്തെ ചൂഷണം ചെയ്യുന്ന ഈ പ്രവണത യഥാര്‍ഥത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടങ്ങളെ തകര്‍ക്കുകയാണ് ചെയ്യുന്നത്.വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ഉത്പന്നങ്ങളും ഗ്രീന്‍വാഷിംഗിന്റെ നിഴലിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021ല്‍ യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ 344 പരിസ്ഥിതി അവകാശവാദങ്ങളില്‍ 42 ശതമാനവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തുന്നുണ്ട്. ഇതില്‍ 37 ശതമാനം കേസുകളിലും ശാസ്ത്രീയമായ രേഖകളൊന്നും കമ്പനികള്‍ ഹാജരാക്കിയിട്ടില്ല. എന്‍ ആര്‍ ഡി സിയുടെ (നാച്വറല്‍ റിസോഴ്സസ് ഡിഫന്‍സ് കൗണ്‍സില്‍) റിപോര്‍ട്ട് പ്രകാരം, ഉപഭോക്താക്കളില്‍ 85 ശതമാനവും ഇന്ന് പരിസ്ഥിതിക്ക് മുന്‍ഗണന നല്‍കുന്നവരാണ്. ഈ താത്പര്യം മുതലെടുക്കാനാണ് വന്‍കിട കമ്പനികള്‍ ഗ്രീന്‍വാഷിംഗിലൂടെ ശ്രമിക്കുന്നത്. 2009ലെ ഫോക്സ്്വാഗണ്‍ ‘ക്ലീന്‍ ഡീസല്‍’ വിവാദം ഇതിന് മികച്ച ഉദാഹരണമാണ്. എമിഷന്‍ ടെസ്റ്റുകളില്‍ കൃത്രിമം കാണിക്കുക വഴി നിയമപരമായ പരിധിയേക്കാള്‍ 40 മടങ്ങ് കൂടുതല്‍ നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളാനാണ് കമ്പനി ശ്രമിച്ചത്. ഇത് അവര്‍ക്ക് ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ പിഴ വരുത്തിവെച്ചു.ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഫോസില്‍ ഇന്ധന കമ്പനികളാണ് ഗ്രീന്‍വാഷിംഗില്‍ മുന്‍പന്തിയിലുള്ളത്. ‘ഇന്‍ഫ്‌ലുവന്‍സ് മാപ്’ റിപോര്‍ട്ട് പ്രകാരം, ലോകത്തെ അഞ്ച് വന്‍കിട എണ്ണക്കമ്പനികളായ ബി പി, ഷെല്‍, ഷെവ്റോണ്‍, എക്സോണ്‍ മൊബീല്‍, ടോട്ടല്‍ എനര്‍ജീസ് തങ്ങളുടെ പൊതുജന സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും 750 മില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നുണ്ട്. മലിനീകരണത്തിന്റെ ഉത്തരവാദിത്വം വ്യക്തികളുടെ മേല്‍ കെട്ടിവെക്കാനായി ‘കാര്‍ബണ്‍ ഫൂട്പ്രിന്റ്’ എന്ന പദം പോലും ബി പി പോലുള്ള കമ്പനികള്‍ ജനപ്രിയമാക്കിയെന്നാണ് എന്‍ ആര്‍ ഡി സി നിരീക്ഷിക്കുന്നത്. ഈ കമ്പനികളുടെ ആകെ മൂലധന നിക്ഷേപത്തിന്റെ കേവലം 12 ശതമാനം മാത്രമാണ് കാര്‍ബണ്‍ കുറഞ്ഞ ഊര്‍ജ സ്രോതസ്സുകള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ബാക്കി 88 ശതമാനവും പുതിയ എണ്ണ വാതക ഖനനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. തങ്ങളുടെ മലിനീകരണ മുഖം മറക്കാന്‍ പരസ്യങ്ങളിലൂടെയും സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും ഇവര്‍ നടത്തുന്ന ശ്രമം ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കുന്നതാണ്.വസ്ത്ര വ്യാപാര മേഖല അഥവാ ‘ഫാസ്റ്റ് ഫാഷന്‍’ ആണ് ഗ്രീന്‍വാഷിംഗിന്റെ മറ്റൊരു പ്രധാന കേന്ദ്രം. ആഗോള കാര്‍ബണ്‍ പുറന്തള്ളലിന്റെ പത്ത് ശതമാനം വസ്ത്ര നിര്‍മാണത്തില്‍ നിന്നാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളുടെ പരിസ്ഥിതി അവകാശവാദങ്ങളില്‍ 60 ശതമാനവും തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല വന്‍കിട കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ ‘റീസൈക്കിള്‍ഡ്’ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അവയുടെ ഉത്പാദന പ്രക്രിയയില്‍ പ്രകൃതിദത്ത നാരുകള്‍ക്ക് പകരം പ്ലാസ്റ്റിക് ഉള്‍പ്പെടുന്ന സിന്തറ്റിക് നാരുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വസ്ത്രങ്ങളില്‍ ഒരു ശതമാനം പോലും യഥാര്‍ഥത്തില്‍ പുനരുപയോഗിക്കപ്പെടുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം വില്‍ക്കുന്ന ബ്രാന്‍ഡുകള്‍ പ്രകൃതിദത്തമായ ചിത്രങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാറുണ്ട്. ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. എന്‍ ആര്‍ ഡി സി ചൂണ്ടിക്കാണിക്കുന്നത് പ്രകാരം പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്ന 440 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ കേവലം ഒമ്പത് ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. ഗ്രീന്‍വാഷിംഗിന്റെ മറ്റൊരു മുഖമാണ് അവ്യക്തമായ പദപ്രയോഗങ്ങള്‍. ‘നാച്വറല്‍’, ‘ഗ്രീന്‍’, ‘ഇക്കോ-ഫ്രണ്ട്‌ലി’ തുടങ്ങിയ വാചകങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ പലപ്പോഴും ഉണ്ടാകാറില്ല. ഉദാഹരണത്തിന് ‘ബി പി എ-ഫ്രീ’ എന്ന് ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ പലപ്പോഴും അതിലും അപകടകരമായ മറ്റ് രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ‘പ്ലാസ്റ്റിക് കുറച്ചു’ എന്ന് അവകാശപ്പെടുന്ന പല പാക്കേജിംഗുകളും യഥാര്‍ഥത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ കൂടുതല്‍ പ്രയാസമുള്ള സമ്മിശ്ര പദാര്‍ഥങ്ങള്‍ കൊണ്ടാണ് നിര്‍മിക്കപ്പെടുന്നത്. ഇത്തരത്തില്‍ സുസ്ഥിരമെന്ന് തോന്നിപ്പിക്കുന്ന പല മാറ്റങ്ങളും യഥാര്‍ഥത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. ഗ്രീന്‍വാഷിംഗ് കേവലം വിപണന തന്ത്രം എന്നതിലുപരി വലിയ സാമൂഹിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് യഥാര്‍ഥ സുസ്ഥിര മാറ്റങ്ങള്‍ക്കായി ശ്രമിക്കുന്ന ചെറുകിട സംരംഭങ്ങളെ തകര്‍ക്കുന്നു. വന്‍കിട കമ്പനികളുടെ വ്യാജമായ അവകാശവാദങ്ങള്‍ക്കിടയില്‍ സത്യസന്ധമായ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാതെ വരുന്നു. 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കും എന്ന കമ്പനികളുടെ വാഗ്ദാനങ്ങള്‍ പലപ്പോഴും വെറും വാക്കിലൊതുങ്ങുന്നു. കൃത്യമായ ലക്ഷ്യങ്ങളില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങള്‍ വെറും ഗ്രീന്‍വാഷിംഗ് മാത്രമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ‘ഇന്റഗ്രിറ്റി മാറ്റേഴ്സ്’ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.വിപണിയിലെ ഗ്രീന്‍വാഷിംഗ് തിരിച്ചറിയുക എന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഉത്പന്നങ്ങളുടെ പാക്കേജിംഗില്‍ കാണുന്ന ആകര്‍ഷകമായ പച്ചനിറമോ മരങ്ങളുടെയും ഇലകളുടെയും ചിത്രങ്ങളോ കണ്ട് മാത്രം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പിക്കരുത്. കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളോ ആധികാരിക രേഖകളോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് കുപ്പിക്ക് പുറത്ത് പേപ്പര്‍ പൊതിയുന്നത് പോലുള്ള ഭാഗികമായ മാറ്റങ്ങള്‍ വരുത്തി മുഴുവന്‍ ഉത്പന്നവും സുരക്ഷിതമാണെന്ന് വരുത്തിത്തീര്‍ക്കുന്ന തന്ത്രങ്ങളെയും കരുതിയിരിക്കണം. ഇതിന് പകരമായി എനര്‍ജി സ്റ്റാര്‍, എഫ് എസ് സി, ഫെയര്‍ ട്രേഡ് തുടങ്ങിയ അംഗീകൃത അന്താരാഷ്ട്ര തേര്‍ഡ് പാര്‍ട്ടി സര്‍ട്ടിഫിക്കേഷനുകളുണ്ടോയെന്ന് പരിശോധിക്കുന്നത് ഉത്പന്നത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ സഹായിക്കും.ഗ്രീന്‍വാഷിംഗിനെതിരെ ആഗോളതലത്തില്‍ നിയമങ്ങള്‍ കടുക്കുന്നത് ആശ്വാസകരമാണ്. യൂറോപ്യന്‍ യൂനിയന്റെ ഗ്രീന്‍ ക്ലെയിംസ് ഡയറക്റ്റീവ്, ഇന്ത്യയില്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്്ഷന്‍ അതോറിറ്റി എന്നിവ 2024 ആഗസ്റ്റില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളെല്ലാം നിര്‍ണായക ചുവടുവെപ്പാണ്. പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ അതിന്റെ തെളിവുകള്‍ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഭീമമായ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും ഈ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. സെബിയുടെ (SEBI) പുതിയ നിബന്ധനകള്‍ പ്രകാരം രാജ്യത്തെ മുന്‍നിരയിലുള്ള ആയിരം കമ്പനികള്‍ തങ്ങളുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. അമേരിക്കയില്‍ എഫ് ടി സി ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.പരിസ്ഥിതി സംരക്ഷണമെന്നത് ബ്രാന്‍ഡിംഗും പരസ്യവുമല്ല. ഭൂമിയുടെ അതിജീവനത്തിനായുള്ള ഉത്തരവാദിത്വമാണ്. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കോര്‍പറേറ്റുകളുടെ ‘പച്ച’ നുണകളെ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയണം. വിപണിയിലെ പച്ചപ്പ് പ്രകൃതിയിലെ യഥാര്‍ഥ പച്ചപ്പായി മാറണമെങ്കില്‍ സുതാര്യമായ പ്രവര്‍ത്തനങ്ങളും കര്‍ശനമായ നിയമങ്ങളും അതീവ ജാഗ്രതയുള്ള പൊതുസമൂഹവും അത്യന്താപേക്ഷിതമാണ്. നാം നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും ഈ ഭൂമിയുടെ ഭാവി നിശ്ചയിക്കുന്നതാണെന്ന ബോധ്യത്തോടെ, സുസ്ഥിരമായ ജീവിതശൈലി പിന്തുടരാന്‍ നമുക്ക് സാധിക്കണം. ഗ്രീന്‍വാഷിംഗിനെതിരെയുള്ള പോരാട്ടം കേവലം ഉപഭോക്തൃ സംരക്ഷണമല്ല, വരും തലമുറക്കായി ഈ ലോകത്തെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.