കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്യു ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ കേസ്. നടക്കാവ് പൊലീസാണ് കേസ് എടുത്തത്. ബിഎന്‍എസ് 351(3), പൊലിസ് ആക്ടിലെ 117ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.സമരങ്ങള്‍ തടയാന്‍ വന്നാല്‍ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ പ്രകോപന പ്രസംഗം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു പ്രസംഗം. സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാവ്.കുറ്റ്യാടി സിഐയായ കൈലാസനാഥന്‍, എസിപിയായിരുന്ന ബിജുരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇരുവരും ഇനി ഏതെങ്കിലും സമരമുഖത്തേക്ക് കടന്നുവന്നാല്‍ തലയടിച്ച് പൊട്ടിക്കാന്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ തയ്യാറാകുമെന്നതില്‍ സംശയം വേണ്ടെന്നാണ് കെഎസ് യു നേതാവിന്റെ ഭീഷണി.